സർക്കാർ ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

തൊടുപുഴ∙ ഭക്തരുടെ എണ്ണം നിയന്ത്രിച്ച് ശബരിമല തീർഥാടനം അട്ടിമറിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡല – മകരവിളക്കു കാലത്ത് അ‍ഞ്ച് കോടിയോളം തീർഥാടകരാണു ശബരിമലയിലേക്ക് എത്തിയിരുന്നത്. എന്നാൽ ഒരു ദിവസം ഒരു ലക്ഷം പേരെ മാത്രം അനുവദിക്കാനാണു നീക്കം. ഭക്തരല്ല, പൊലീസാണ് ഇപ്പോൾ ശബരിമലയിൽ പോകുന്നത്. അവിടെ യുദ്ധസമാനമായ അന്തരീക്ഷമാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർ മുൾമുനയിലാണ്.

അതേസമയം, ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതി നിരോധന നിയമപ്രകാരം 7 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്നു കത്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു.