മോദി സർക്കാർ ഒന്നും കൊണ്ടുവന്നില്ലെന്ന് ചിദംബരം; തിരിച്ചടിച്ച് ബിജെപി

പി. ചിദംബരം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ അഞ്ച് വർഷം മുൻപ് നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോൾ നടത്തിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. അധികാരത്തിൽനിന്നു മോദി സർക്കാർ ഇതുവരെ ഒന്നും നേടിയിട്ടില്ല. അധികാരത്തിൽ വരുമ്പോൾ വികസനം, ജോലി, ബാങ്ക് അക്കൗണ്ടുകളിൽ പണം എത്തും തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു നൽകിയത്. എന്നാൽ ഇപ്പോൾ വമ്പൻ ക്ഷേത്രങ്ങളും പ്രതിമകളും ഒക്കെയാണു പറയുന്നത്– ചിദംബരം പറഞ്ഞു.

അതേസമയം ചിദംബരം രാമക്ഷേത്ര പദ്ധതിയെ പരിഹസിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. രാമക്ഷേത്രത്തെയും സർദാർ വല്ലഭായ് പട്ടേല്‍ പ്രതിമയെയും കളിയാക്കുകയാണു ചിദംബരം. ഉത്തരവാദിത്തമില്ലാത്തതും പ്രകോപനപരവുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന– ബിജെപി തിരിച്ചടിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും സ്വയം ശിവഭക്തനാണെന്നു പറയുകയും ചെയ്യുമ്പോഴാണു മുതിർന്ന നേതാവിൽനിന്ന് ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നതെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു.

ഇത്തരം പരാ‍മർശങ്ങൾ നിർത്തണം. വൈകാരിക വിഷയങ്ങളെ തൊട്ടു കളിക്കരുത്. നൂറുകണക്കിനു പദ്ധതികളും പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും നെഹ്‍റു– ഗാന്ധി കുടുംബത്തിന്റെ പേരിലുണ്ട്. പിന്നെന്തിനാണ് ഒരു പ്രതിമയുടെ പേരിൽ കോൺഗ്രസ് ഇങ്ങനെ പെരുമാറുന്നത്. സർദാർ വല്ലഭായ് പട്ടേലിന്റെ മഹത്വം മായ്ച്ചുകളയാനാണു കോൺഗ്രസ് ശ്രമിച്ചത്. മോദി സർക്കാരിന്റെ കീഴിൽ തന്നെ പട്ടേൽ പ്രതിമ കൊണ്ടുവരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്– അദ്ദേഹം പറഞ്ഞു.