സനലിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ; ഡിവൈഎസ്പി ഒളിവിൽ

സനലിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുന്ന നാട്ടുകാർ.

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി പിടിച്ചുതള്ളിയതിനെ തുടർന്നു കാറിടിച്ചുമരിച്ച സനലിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. നൂറുകണക്കിനാളുകളാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. സനലിനെ ആക്രമിച്ച ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഉപരോധം. നെടുമങ്ങാട് എഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പ്രദേശത്തുണ്ട്. 

സംഭവത്തിൽ ഡിവൈഎസ്പി ബി. ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കാർ മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎസ്പി യുവാവിനെ മർദിച്ചശേഷം എതിരെ വന്ന കാറിനു മുന്നിലേക്കു തള്ളുകയായിരുന്നെന്നാണ് ആരോപണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. നിലവിൽ ഡിവൈഎസ്പി ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. 

സനലിനെ ഡിവൈഎസ്പി ഹരികുമാർ പിടിച്ചു തള്ളിയപ്പോഴാണ് അപകടമുണ്ടായതെന്നു ദൃക്സാക്ഷി സുൽത്താൻ മാഹീൻ പറഞ്ഞു. ആദ്യം ഡിവൈഎസ്പി അടിച്ചു. കാർ മാറ്റിയശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതർക്കമായി. ഇതിനിടയിൽ സനലിനെ ഡിവൈഎസ്പി പിടിച്ചുതള്ളി. റോഡിലേയ്ക്കുവീണ സനലിനെ എതിർവശത്തുനിന്നു വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.

ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണവുമായി ഒപ്പമുണ്ടായിരുന്നവരും രംഗത്തെത്തി. നിസ്സാരകാര്യത്തിനു സനലിനെ ഡിവൈഎസ്പി ക്രൂരമായി മര്‍ദിച്ചു. എതിര്‍ത്തപ്പോള്‍ കൈപിടിച്ചു തിരിച്ചെന്നും നടുറോഡിലേക്കു ബലമായി തള്ളിയിട്ടെന്നുമാണ് ആരോപണം. അപകടമുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ ഡിവൈഎസ്പി സുഹൃത്തിനൊപ്പം സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞെന്നും ദൃക്സാക്ഷികൾ പറയുന്നു. 

കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണു സംഭവം. നെയ്യാറ്റിൻകര കിടങ്ങാംവിളയിൽ ചായക്കടയിൽ ഇരിക്കുകയായിരുന്ന സനലിന്റെ വാഹനം ഡിവൈഎസ്പിയുടെ വാഹനത്തിനു മുന്നിലാണു പാർക്ക് ചെയ്തിരുന്നത്. സമീപത്തെ വീട്ടിൽ നിന്നിറങ്ങിയ ഡിവൈഎസ്പി വാഹനം മാറ്റാൻ പറഞ്ഞു കൊണ്ടു സനലിനോടു കയർക്കുകയായിരുന്നു. മർദനമേറ്റ സനൽ റോഡിലേക്കു വീഴുകയും എതിരെ വന്ന വാഹനം ഇടിക്കുകയുമായിരുന്നു.