തെളിവ് നശിപ്പിക്കാൻ ശ്രമം; ഡിവൈഎസ്പിയെ ഉടന്‍ അറസ്റ്റ് ചെയ്യണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ വണ്ടിക്കു മുന്നിലേക്കു യുവാവിനെ തള്ളിയിട്ടു കൊന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിക്രൂരമായ നടപടിയാണു ഡിവൈഎസ്പിയുടെ ഭാഗത്തുനിന്നുണ്ടായത്. മരിച്ച സനല്‍കുമാറിനെ വാക്കു തര്‍ക്കത്തിനിടെ ഡിവൈഎസ്പി മറ്റൊരു വാഹനത്തിനു മുന്നിലേക്കു പിടിച്ചു തള്ളുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.

സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഡിവൈഎസ്പിക്കു തന്റെ വാഹനം എടുക്കാന്‍ കഴിയാത്തവിധം വാഹനം പാര്‍ക് ചെയ്തെന്ന് ആരോപിച്ചാണു സനലിനെ മറ്റൊരു വാഹനത്തിനു മുന്നിലേക്കു പിടിച്ചു തളളിയത്. ഡിവൈഎസ്പിയെ കേസില്‍നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. കൊലക്കുറ്റത്തിനു കേസെടുത്തെങ്കിലും ഇതുവരെ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. അറസ്റ്റ് വൈകിപ്പിച്ചു തെളിവുകള്‍ നശിപ്പിക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മരിച്ച സനല്‍കുമാറിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ കുടുംബത്തിനു മതിയായ നഷ്ടപരിഹാരവും നല്‍കണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നിരപരാധികളായ നിരവധി പേരുടെ ജീവനുകള്‍ പൊലീസിന്റെ അതിക്രമത്താല്‍ പൊലിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.