കാറിടിച്ചു മരണം: ഡിവൈഎസ്പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവ് ഉടൻ

ഒളിവിൽ കഴിയുന്ന ഡിവൈഎസ്പി ഹരികുമാർ, മരിച്ച സനൽ

തിരുവനന്തപുരം ∙ റോഡിലെ തർക്കത്തിനിടെ പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച കേസിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ബി.ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടർന്നു ഡിജിപി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദേശം കൈമാറി. അന്വേഷണ ഉത്തരവ് ഉടനിറങ്ങും. അന്വേഷണ സംഘത്തെ തീരുമാനിക്കുന്നതു ക്രൈംബ്രാഞ്ച് എഡിജിപിയാണ്. ഹരികുമാറിന്‍റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ നിര്‍ദേശമുണ്ട്. ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിനു മുന്നോടിയായാണു നടപടി

സംഭവത്തിനുപിന്നാലെ ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നു നിർദേശിച്ച പൊലീസ്, പ്രതി കീഴടങ്ങാൻ കാത്തിരിക്കുകയാണ്. പൊലീസ് ഒത്തുകളിക്കുന്നുവെന്നു മരിച്ച സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും ആരോപിച്ചു. ക്രൂരമായ കൊലപാതകം നടന്ന് 2 രാത്രിയും ഒരു പകലും കഴിയുമ്പോഴും പ്രതി ഒളിവിലെന്നാണു പൊലീസ് ഭാഷ്യം.

7 സംഘങ്ങളായി തിരിഞ്ഞാണ്‌ അന്വേഷണം. പ്രതി സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിൽ ഒരു സംഘം മധുരയ്ക്കു തിരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ വീടുകളിലെത്തി അന്വേഷണവുമായി സഹകരിക്കണമെന്നു പൊലീസ് നിർദേശിച്ചു. പ്രതി കീഴടങ്ങുമോ എന്നു പൊലീസ് കാത്തിരിക്കുമ്പോൾ മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണു ഡിവൈഎസ്പി എന്നാണു വിവരം.