മുന്നോട്ടു പോകാനാവുന്നില്ല; ചെലവിനു കൂടുതൽ തുക അനുവദിക്കണമെന്നു തച്ചങ്കരി

ടോമിൻ തച്ചങ്കരി

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിക്ക് പ്രതിമാസ ചെലവുകള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന 20 കോടി രൂപ 36.56 കോടിയായി വര്‍ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി എംഡി ടോമിന്‍ ജെ.തച്ചങ്കരി സര്‍ക്കാരിനു കത്തു നല്‍കി.

ഡീസല്‍, സ്പെയര്‍പാര്‍ട്സ്, ടയര്‍ എന്നിവ വാങ്ങിയ ഇനത്തില്‍ വന്‍ തുക കടമുണ്ട്. പണം നല്‍കാത്തതിനാല്‍ പലരും സാധനങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ്, സപ്ലിമെന്ററി സാലറി തുടങ്ങിയ തുകകള്‍ അനുവദിക്കാന്‍ കഴിയുന്നില്ല.

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നവംബര്‍ മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുകയായ 12 കോടി ശമ്പളത്തോടൊപ്പം അടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 12 കോടി അധികമായി കണ്ടെത്തണം. കൂടാതെ 2016 ജനുവരി മാസം മുതല്‍ സര്‍ക്കാര്‍ അനുവദിച്ച ഒരു ഗഡു ഡിഎ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്നതിന് 4.56 കോടിരൂപ ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.