‘മകനെയും എന്നെയും ഭീഷണിപ്പെടുത്തുന്നു’; ലോറൻസിന്റെ മകൾ ഗവർണർക്കു പരാതി നൽകി

എം.എം. ലോറൻസിന്റെ കൊച്ചുമകൻ ബിജെപി വേദിയില്‍ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് പരാതിയുമായി ഗവര്‍ണറെ കണ്ടു. മകന്‍ ബിജെപി വേദിയിലെത്തിയതിന്റെ പ്രതികാരമായി തന്റെ ജോലി ഇല്ലാതാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന പരാതി ഗവര്‍ണര്‍ക്കു കൈമാറിയെന്ന് ആശ ലോറന്‍സ് മനോരമ ന്യൂസിനോടു പറഞ്ഞു. പരാതി അന്വേഷിച്ചു വേണ്ട നടപടിയെടുക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാമെന്നു ഗവര്‍ണര്‍ ഉറപ്പുനല്‍കി.

രാവിലെ പതിനൊന്നേ മുക്കാലോടെയാണ് മകന്‍ മിലനുമൊത്ത് ആശ ലോറന്‍സ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. ബിജെപി വേദിയില്‍ മകനെത്തിയതോടെ സിഡ്കോയിലെ ജോലി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് ആശ ഗവര്‍ണറെ അറിയിച്ചു. തനിക്കെതിരെ മറ്റുജീവനക്കാരില്‍നിന്നും കള്ളപ്പരാതി എഴുതിവാങ്ങി. മകനെയും തന്നെയും സിപിഎം നേതാക്കള്‍ ഫോണില്‍ വിളിച്ച് ഉപദേശരൂപത്തില്‍ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണു ഗവര്‍ണറോടു പരാതിപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.

മകന്‍ ബിജെപി വേദിയില്‍ പോയതിനുശേഷം ശത്രുതാ മനോഭാവത്തോടെയായിരുന്നു സിഡ്കോയിലേയും സിപിഎമ്മിലേയും ഉന്നതരുടെ പെരുമാറ്റം. ജോലിയില്‍നിന്നു പിരിച്ചുവിടാനും നീക്കം നടന്നു. കുത്തിയിരിപ്പുസമരം നടത്തിയതോടെയാണ് ഇതില്‍നിന്നു മാനേജ്മെന്റ് പിന്മാറിയത്. തനിക്കും മകനും സംരക്ഷണം തരണമെന്നും അവര്‍  ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു ഗവര്‍ണര്‍ അറിയിച്ചതോടെയാണ് ഇരുവരും മടങ്ങിയത്.