തമിഴകത്ത് വീണ്ടും വിജയ്ക്കെതിരെ ‘രാഷ്ട്രീയ കലാപം’: വിവാദങ്ങളുടെ പെരിയ ദളപതി

സർക്കാർ ചിത്രത്തിന്റെ പോസ്റ്റർ.

ചെന്നൈ∙ തമിഴകത്തു ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ ആരാകും?. രജനീകാന്ത് മുതൽ വിജയ് സേതുപതിയുള്ള പേരുകൾ ഉത്തരമായി വരും. എന്നാൽ, സിനിമയുമായി ബന്ധപ്പെട്ടു സമീപകാലത്ത് ഏറ്റവു കൂടുതൽ എതിർപ്പു നേരിടേണ്ടിവന്ന നടൻ ആരെന്നു ചോദിച്ചാൽ അത് വിജയ് തന്നെ. ഡിഎംകെയും അണ്ണാഡിഎംകെയും ബിജെപിയുമെല്ലാം വിജയ് സിനിമകൾക്കെതിരെ ശബ്ദിച്ചു. പുതിയ ചിത്രമായ സർക്കാരിനെതിരെ അണ്ണാഡിഎംകെ ചന്ദ്രഹാസം മുഴക്കുമ്പോൾ, തീയിൽ കുരുത്തതു വെയിലത്തു വാടില്ലെന്നു വിജയ് ആരാധകർ പറയുന്നതു വെറുതെയല്ല. സിനിമയിലെ ഇളയ ദളപതി രാഷ്ട്രീയത്തിലെ ദളപതിയാകാൻ വരുമെന്നു ആരാധകർ പ്രതീക്ഷിക്കുന്നു. അതിന്റെ തുടക്കമാണു സർക്കാരെന്നു അവർ വിശ്വസിക്കുന്നു.

2010ൽ പുറത്തിറങ്ങിയ വിജയ് ചിത്രമായ കാവലൻ അന്ന് ഒട്ടേറെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണു തിയേറ്ററിലെത്തിയത്. ഇതിനു പിന്നിൽ അന്നത്തെ ഡിഎംകെ സർക്കാരാണെന്ന ആരോപണം ഉയർന്നിരുന്നു. കരുണാനിധി കുടുംബത്തിനു കീഴിലുള്ള നിർമാണ കമ്പനി നിർമിച്ച ചിത്രം ആ സമയത്ത് റിലീസായിരുന്നു. രണ്ടു  ചിത്രങ്ങളും ഒരുമിച്ചു റിലീസാകുന്നതു തടയാൻ ഡിഎംകെ ശ്രമിച്ചുവെന്നാണ് ആരോപണം. വിജയ്‌യുടെ പിതാവ് സംവിധായകൻ എസ്.എ. ചന്ദ്രശേഖർ പിന്തുണ തേടി അണ്ണാഡിഎംകെ നേതാവ് ജയലളിതയെ കണ്ടിരുന്നു.

2012ൽ പുറത്തിറങ്ങിയ തുപ്പാക്കിയിൽ മുസ്‌ലിം വിഭാഗക്കാരെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന ആരോപണവുമായി ചിലർ പ്രതിഷേധിച്ചു. സർക്കാരിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു പ്രശ്നത്തിനു പരിഹാരമായത്. എ.എൽ.വിജയ് സംവിധാനം ചെയ്ത തലൈവ 2013ൽ എത്തിയപ്പോൾ വഴിമുടക്കിയതു അന്നത്തെ അണ്ണാഡിഎംകെ സർക്കാരാണ്. ചിത്രം റിലീസ് ചെയ്താൽ തിയേറ്ററിനു ബോംബിടുമെന്നുവരെ ഭീഷണിയുണ്ടായി. സിനിമയുടെ ടൈം ടു ലീഡ് എന്ന ടാഗ്‌ലൈൻ നീക്കിയതോടെയാണു പിന്നീട് റിലീസായത്.

2014ൽ കത്തിക്കെതിരെ പല കോണുകളിൽ നിന്നു എതിർപ്പുകൾ വന്നു. ശ്രീലങ്കൻ പ്രസിഡന്റ് രാജപക്ഷെയുമായി ബന്ധമുള്ളവരാണു നിർമാതാക്കളെന്നെയിരുന്നു വിവാദം. 2016-ൽ തെറിയെത്തിയപ്പോൾ ഒരു വിഭാഗം തിയേറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായില്ല. കഴിഞ്ഞ വർഷം മെർസലെത്തിയപ്പോൾ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിൽ ബിജെപി രംഗത്തെത്തി. ജോസഫ് വിജയ് എന്ന യഥാർഥ പേര് വിജയ് മറച്ചുവയ്ക്കുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ പരാമർശം വൻവിവാദമായി.