വിവാദ പ്രസംഗം: കേസ് റദ്ദാക്കാൻ ശ്രീധരൻ പിള്ള ഹൈക്കോടതിയിൽ

കൊച്ചി∙ വിവാദ പ്രസംഗത്തിന്റെ പേരിലുള്ള നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ‌ പി.എസ്. ശ്രീധരൻ പിള്ള. പൊലീസ് കേസെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി കോടതി അടുത്ത ആഴ്ചത്തേക്കു മാറ്റി. സ്റ്റേ നൽകാൻ വിസമ്മതിച്ച കോടതി സർക്കാരിന്റെ വിശദീകരണവും ആവശ്യപ്പെട്ടു.

പ്രസംഗത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടന്ന യുവമോർച്ചയുടെ യോഗത്തിലാണ് ശ്രീധരൻ പിള്ള പരാതിക്കു കാരണമായ പ്രസംഗം നടത്തിയത്.