‘വിളിച്ചത് തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം’: നിലപാട് മാറ്റി ശ്രീധരൻ പിള്ള

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ക്ഷേത്ര നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്നതിനു തന്ത്രി വിളിച്ചെന്ന നിലപാടാണ് ബിജെപി അധ്യക്ഷൻ മാറ്റിയത്. തന്ത്രിയെന്നല്ല തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം വിളിച്ചതെന്നാണു താൻ ഉദ്ദേശിച്ചതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. കണ്ഠര് രാജീവര് വിളിച്ചോ എന്നറിയില്ല. വിളിച്ചിട്ടില്ലെന്ന് രാജീവര് പറഞ്ഞെങ്കിൽ അതു ശരിയായിരിക്കാം– ശ്രീധരൻ പിള്ള പറഞ്ഞു.

നട അടച്ചിടുന്നതിനെക്കുറിച്ച് രാജീവര് ഉപദേശം ചോദിച്ചെന്ന് ശ്രീധരൻ പിള്ള പ്രസംഗിച്ചിരുന്നു. എന്നാൽ ശ്രീധരൻ‌ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നു വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തി. ദേവസ്വം ബോർഡിനെയാണ് തന്ത്രി ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് കമ്മീഷണർ ആവശ്യപ്പെട്ടത്. ബിജെപി അധ്യക്ഷന്റെ അവകാശവാദങ്ങൾ എഴുതി നൽകിയ വിശദീകരണത്തിലാണു തന്ത്രി നിഷേധിച്ചത്. കോഴിക്കോട് യുവമോർച്ച യോഗത്തിലായിരുന്നു ശബരിമല നട അടയ്ക്കുന്നതിനെക്കുറിച്ചു തന്ത്രി തന്നോട് ആലോചിച്ചിരുന്നതായി ശ്രീധരൻ പിള്ള വെളിപ്പെടുത്തിയത്.