കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്നത് അടിസ്ഥാനരഹിതം: തച്ചങ്കരി

ടോമിൻ ജെ.തച്ചങ്കരി

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരി. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സ്ഥിര ജീവനക്കാർ കൂടുതൽ ദിവസം ജോലിക്കു ഹാജരാകുകയും താൽകാലിക ജീവനക്കാരുടെ സേവനം ആവശ്യമില്ലാതെയും വന്നതാണു വ്യാജവാർത്തയ്ക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയിൽ സ്ഥിരം, അസ്ഥിരം വിഭാഗത്തിൽപ്പെട്ട രണ്ടുതരം ജീവനക്കാരാണ് ഉളളത്. സ്ഥിരം ജീവനക്കാര്‍ ചെയ്യേണ്ട ജോലി നിര്‍ബന്ധമായി നല്‍കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഇവർ ജോലി ചെയ്താലും ഇല്ലെങ്കിലും പെന്‍ഷനും പിഎഫും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കോര്‍പറേഷന്‍ നല്‍കേണ്ടിവരും. സ്ഥിരം ജീവനക്കാര്‍ ലഭ്യമല്ലാതെ വരുമ്പോള്‍ മാത്രമാണു താല്‍ക്കാലിക ജീവനക്കാരെ ആ ജോലിയ്ക്കായി നിയോഗിക്കുന്നത്.

കോര്‍പ്പറേഷനിലെ എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും അവരവരുടെ വീടിനടുത്തുളള യൂണിറ്റിലേയ്ക്കു സ്ഥലംമാറ്റം നല്‍കിയിരുന്നു. ഇത്തരത്തില്‍ സൗകര്യപ്രദമായി സ്ഥലംമാറ്റം വന്നതോടെ സ്ഥിരം ജീവനക്കാര്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ദിവസങ്ങളില്‍ ജോലിക്കു ഹാജരാകുന്നു. കൂടാതെ, സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലായതോടെ ആഴ്ചയില്‍ മൂന്നു ദിവസം എന്നതിനുപകരം ആറു ദിവസവും ജോലിയ്ക്ക് ഹാജരാകുന്ന സ്ഥിതിയുമുണ്ടായി. അതുകൊണ്ടു താല്‍കാലിക ജീവനക്കാര്‍ക്കു മുന്‍പുണ്ടായിരുന്ന അത്രയും ജോലി ദിവസങ്ങള്‍ ലഭിക്കാതെ വരുന്നു. ഈ സാഹചര്യത്തിലാണ് എംപാനൽ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

എന്നാല്‍ കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം നിയമപരവും സാമ്പത്തിക നേട്ടവുമുളള സംവിധാനമാണ് ഇതെന്നും തച്ചങ്കരി സൂചിപ്പിച്ചു. കെഎസ്ആർടിസിയിലെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന നടപടികള്‍ വിഭാഗീയ താല്‍പര്യങ്ങള്‍ക്കും കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുന്ന കാര്യങ്ങള്‍ക്കും സ്ഥാനം നല്‍കുന്നില്ല. പുതിയ മാറ്റങ്ങളാല്‍ ഒരു ദിവസം 10 ലക്ഷം രൂപ അലവന്‍സ് ഇനത്തില്‍ കോര്‍പ്പറേഷന് ലാഭമുണ്ടാകുന്നുണ്ട്, ഒരു വര്‍ഷം 36.5 കോടിയുടെ ലാഭവും– അദ്ദേഹം പറഞ്ഞു.