മണ്ഡല കാലത്തിന് ഒരുക്കങ്ങൾ ഇഴയുന്നു; പ്രതിപക്ഷ നേതാവ് 13നു പമ്പയിൽ

രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ മാസം 13 ന് ഉച്ചകഴിഞ്ഞ് മൂന്നിനു പമ്പ സന്ദര്‍ശിക്കും. മണ്ഡലകാലത്തു നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ശബരിമലയില്‍ ഒരുക്കങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നാണിത്.

മണ്ഡലകാലത്തിന് മുന്‍പ് പതിവു രീതിയില്‍ നടക്കേണ്ട മുന്നൊരുക്കങ്ങള്‍ പോലും ഇത്തവണയില്ലെന്നു പരാതിയുണ്ട്. പ്രളയം കാരണം അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്ന പമ്പയിലും മറ്റും അവ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. ഇത് ഇത്തവണ തീർഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് പമ്പ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.