ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിൽ തന്നെ; ഇടയ്ക്കിടെ താവളം മാറുന്നുവെന്ന് വിവരം

ഒളിവിൽ കഴിയുന്ന ഡിവൈഎസ്പി ഹരികുമാർ, മരിച്ച സനൽ

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സ്വദേശി എസ്.സനലിനെ കാറിനു മുൻപിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഹരികുമാർ അടിക്കടി താവളം മാറുകയാണ്. മിക്കസമയങ്ങളിലും കാറിലാണു യാത്ര ചെയ്യുന്നത്. മൊബൈൽ ഫോണുകൾ ഇടയ്ക്കിടെ ഓൺ ആക്കുന്നുണ്ടെന്നും കണ്ടെത്തി.

നിലവിൽ ഹരികുമാർ മാത്രമാണു കേസിൽ പ്രതി. കൊലക്കുറ്റമാണു (302) ചുമത്തിയിട്ടുള്ളത്. സനലിനെ ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഡ്രൈവർ കേസിൽ സാക്ഷിയാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു. സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർ ഉൾപ്പെടെ പ്രതികളാകുമോയെന്നതു ഹരികുമാറിന്റെ അറസ്റ്റിനു ശേഷമേ തീരുമാനിക്കൂ. തമിഴ്നാട്ടിലേക്ക് കടക്കാൻ ഹരികുമാറിനെ സഹായിച്ച ആളെ പൊലീസ് ഇന്ന് അറസ്റ്റു ചെയ്തിരുന്നു.

സംഭവശേഷം സുഹൃത്ത് ബിനുവുമായി കാറിൽ രക്ഷപ്പെട്ട ഹരികുമാർ മൊബൈൽ ഫോണുകൾ ഓഫാക്കുന്നതിനു മുൻപു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവുമായി ഒന്നിലേറെ തവണ ബന്ധപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. ഈ നേതാവ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി പലവട്ടം ഫോണിൽ സംസാരിച്ചു. ഒടുവിൽ സനലിന്റെ മരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിരീകരിച്ചപ്പോൾ ഈ നേതാവ് തന്നെയാണു ഹരികുമാറിനെ അറിയിച്ചതെന്നും സൂചനയുണ്ട്. അതിനു ശേഷമാണു താൻ തൽക്കാലം മാറിനിൽക്കുന്നെന്നു റൂറൽ എസ്പി അശോക് കുമാറിനെ അറിയിച്ച ശേഷം ഫോൺ ഓഫാക്കി ഹരികുമാർ മുങ്ങിയത്.