കീഴടങ്ങിയാൽ നാണക്കേട്; ഹരികുമാറിനെ അറസ്റ്റു ചെയ്യണമെന്ന് ഡിജിപി

ഡിവൈഎസ്പി ഹരികുമാര്‍

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ടുകൊന്ന കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് അറസ്റ്റു ചെയ്യണമെന്നു അന്വേഷണസംഘത്തിനു ഡിജിപിയുടെ കര്‍ശന നിര്‍ദേശം. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിനു നാണക്കേടാകുമെന്നും എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. അതേസമയം പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന വാദം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിഷേധിച്ചു.

യുവാവിന്റെ കൊലപാതകം നടന്നു ഒരാഴ്ച പിന്നിടുമ്പോഴും തുടങ്ങിയേടത്തുനിന്നു ഒരടി മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. ഇരുട്ടില്‍ തപ്പുന്ന പൊലീസ് ഹരികുമാറിനു വേണ്ടി തലങ്ങും വിലങ്ങും പായുകയാണ്. ഇന്നലെ തമിഴ്നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും അവസാന നിമിഷമാണ് പിന്‍വാങ്ങിയത്. പൊലീസില്‍ തന്നെ ഒറ്റുകാരുണ്ടെന്ന മുന്നറിയിപ്പില്‍ കരുതലോടെയാണ് സംഘത്തിന്റെ നീക്കം. കഴിഞ്ഞദിവസം ഹരികുമാറിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീടുകളിലും, നഗരത്തിലെയുള്‍പ്പെടെ ചില വന്‍കിട ഹോട്ടലുകളിലും പരിശോധന നടത്തി. അറസ്റ്റിനു വഴങ്ങണമെന്ന് ഹരികുമാറിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയ പൊലീസ്, സഹോദരനേയും വിവാദ ജ്വല്ലറി ഉടമ ബിനുവിന്റെ മകനേയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

അതേസമയം ഹരികുമാറിനെ ഒളിവില്‍കഴിയാന്‍ സഹായിക്കുന്നത് സിപിഎം നേതൃത്വമാണെന്ന ആരോപണവും, ജില്ലാ സെക്രട്ടറിയുടെ അടുത്ത സുഹൃത്താണ് ഹരികുമാറെന്ന ആരോപണവും ആനാവൂര്‍ നാഗപ്പന്‍ നിഷേധിച്ചു. ഇന്നുകൂടി ഹരികുമാറിന്റെ അറസ്റ്റോ കീഴടങ്ങലോ ഉണ്ടായില്ലെങ്കില്‍ അന്വേഷണ സംഘത്തിനെ മാറ്റാനാണ് പൊലീസ് തലപ്പത്തെ തീരുമാനം.