ശബരിമല കേസില്‍നിന്ന് ആര്യാമസുന്ദരം പിന്മാറി; പിന്നില്‍ പ്രമുഖ സംഘടനയെന്ന് ദേവസ്വം ബോര്‍ഡ്‌

പത്തനംതിട്ട∙ ശബരിമല കേസിൽ മുതിർന്ന അഭിഭാഷകൻ ആര്യാമസുന്ദരം സുപ്രീം കോടതിയില്‍ ഹാജരാകില്ല. ദേവസ്വം ബോർഡാണ് കേസ് ഏറ്റെടുക്കുന്നതിനു വേണ്ടി ആര്യാമസുന്ദരത്തെ സമീപിച്ചത്. കേസിൽ എൻഎസ്എസിനു വേണ്ടി മുൻപു ഹാജരായിട്ടുള്ളതിനാലാണ് പിന്മാറ്റമെന്നാണ് സൂചന. ദേവസ്വം ബോര്‍ഡിനായി ശേഖര്‍ നാഫ്‌ഡെ ഹാജരാകും.

എന്നാൽ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് അഭിഭാഷകൻ ആര്യാമ സുന്ദരം പിൻമാറിയതിനു പിന്നിൽ പ്രമുഖ സംഘടനയെന്ന് ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ആര് തടഞ്ഞാലും ബോർഡിനു വേണ്ടി വാദിക്കാൻ സുപ്രീം കോടതിയിൽ അഭിഭാഷകനുണ്ടാകും. പുനഃപരിശോധന ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാർ പറഞ്ഞു.