സാങ്കേതികത്വത്തിൽ പിടിച്ചു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുത്: ചെന്നിത്തല

രമേശ് ചെന്നിത്തല

ശബരിമല∙ ഭക്തരുടെ വികാരം ഉൾക്കൊണ്ട്, ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെ സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിൽ വിവേചനാധികാരം ഉപയോഗിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കാമെന്ന സുപ്രീംകോടതിയുടെ ഉത്തരവു സ്വാഗതാർഹമാണ്. എന്നാൽ സ്റ്റേ അനുവദിച്ചില്ലെന്ന സാങ്കേതികത്വത്തിൽ പിടിച്ചു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സർക്കാർ പോകരുതെന്നു ചെന്നിത്തല പറഞ്ഞു.

തീർഥാടന ഒരുക്കങ്ങളിലെ അലംഭാവം കണ്ട് തനിക്കു വേദന തോന്നി. ഇതു ഭക്തരോടു കാട്ടിയ അവഗണനയായേ കരുതാൻ കഴിയൂ. റോഡുകളുടെ അറ്റകുറ്റപണികൾ ഇപ്പോഴും ഇഴയുന്നു. യഥാസമയം ബില്ലുകൾ മാറിനൽകാത്തതിനാൽ കരാറുകാർ പല പണികളും ഏറ്റെടുക്കുന്നില്ല. പുനലൂർ– മൂവാറ്റുപുഴ, മണ്ണാറകളഞ്ഞി – ചാലക്കയം റോഡുകളുടെ സ്ഥിതി ദയനീയമാണ്. കാനനപാതകളിലും തീർഥാടകർക്കുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. നിലക്കലിൽ അടിസ്ഥാന താവളത്തിന്റെ വികസനത്തിൽ സർക്കാർ നിസംഗ സമീപനമാണു സ്വീകരിച്ചത്.

ശബരിമലയിൽ ഏറ്റുമുട്ടലിന്റെയും സംഘർഷത്തിന്റെയും പാത കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. മറ്റു രാഷ്ട്രീയ പാർട്ടികൾ പുനഃപരിശോധനാ ഹർജികൾ നൽകാതിരുന്നപ്പോൾ വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് പ്രയാർ ഗോപാലകൃഷ്ണനിലൂടെ കോടതിയെ സമീപിച്ചത് കോൺഗ്രസ് മാത്രമാണെന്നും ചെന്നിത്തല വിശദീകരിച്ചു.

അതേസമയം, ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പ്രതിഷേധം തുടരുമെന്ന് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പറഞ്ഞു. പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ പരിഗണിക്കുന്നതു ശുഭസൂചനയാണ്. ശബരിമലയിൽ യുവതികളെ കയറ്റാതെ വിശ്വാസം സംരക്ഷിക്കാൻ സർക്കാരിനു ലഭിച്ച സുവർണാവസരമാണിതെന്നും വൽസൻ തില്ലങ്കേരി തലശേരിയിൽ പറഞ്ഞു.