ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും: ഗ്രൂപ്പ് അഡ്മിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കൊച്ചി∙ സമൂഹമാധ്യമങ്ങളിലുടെ മദ്യപാനം പ്രോൽസാഹിപ്പിച്ചെന്നും അനുമതി ഇല്ലാതെ മദ്യവിരുന്നു സംഘടിപ്പിച്ചെന്നും ആരോപിച്ച് കേസെടുത്ത ജിഎൻപിസി (‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’) ഫെയ്സ്ബുക്ക് അഡ്മിൻ അജിത്ത് കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം. അന്വേഷണവുമായി സഹകരിക്കണമെന്നും ഉപയോഗിച്ച കംപ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈലുകൾ എന്നിവയും ബാങ്ക് വിവരങ്ങളും കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിലെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കിക്കൊണ്ടാണു പത്തു ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയ്സ്ബുക് ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഓഫിസറാണ് കേസ് റജിസ്റ്റർ ചെയ്തത്. മദ്യപാനം പ്രോൽസാഹിപ്പിക്കുന്ന പോസ്റ്റുകൾ തയാറാക്കാൻ കുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഉപയോഗിച്ചെന്നും സ്വകാര്യഹോട്ടലിൽ മദ്യം വിളമ്പിക്കൊണ്ടുള്ള ഡിജെ പാർട്ടി നടത്തിയെന്നുമാണു പ്രധാന ആരോപണങ്ങൾ. എന്നാൽ ഹർജിക്കാരൻ ഇവ കോടതിയിൽ ശക്തമായി എതിർത്തു.

ഡിജെ പാർട്ടി നടത്തിയെന്നു പ്രഥമദൃഷ്ട്യാ കരുതാവുന്നതാണെന്നാണു കോടതി വിലയിരുത്തൽ. എന്നാൽ മദ്യകമ്പനികൾക്കു വേണ്ടി പ്രവർത്തിച്ചെന്ന വാദത്തിനു തെളിവു നൽകാൻ എക്സൈസിനു സാധിച്ചില്ല. ഈ സാഹചര്യത്തിലാണു ചോദ്യം ചെയ്യലിനു ശേഷം ഹർജിക്കാരനെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്നു കോടതി ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടാകുന്നപക്ഷം ജാമ്യാപേക്ഷയിൽ കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നാണ് ഹൈക്കോടതി നിലപാട്. ഇതേ കേസിൽ ഗ്രൂപ്പ് അഡ്മിൻ അജിത്കുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ വിനീതയ്ക്കു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 23 ലക്ഷത്തിൽ അധികം അംഗങ്ങളും 36 അഡ്മിൻമാരുമുള്ള ഗ്രൂപ്പാണിത്.