പൈലറ്റിന്റെ വാക്കുകേട്ട് യാത്രക്കാർ പുറത്തേക്കു നോക്കി; കണ്ണുതിരുമ്മി ആ അമ്പരക്കാഴ്ച കണ്ടു

ഇൻഡിഗോ 6E 314 വിമാനത്തിൽനിന്ന് പകർത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടിക ട്വിറ്ററിലൂടെ പുറത്തുവിട്ടപ്പോൾ.

തിരുവനന്തപുരം∙ ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇൻഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോൾ പൈലറ്റ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു, 'എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം'. ഉറക്കത്തിനിടെ കണ്ണു തിരുമി നോക്കിയവർ ആ കാഴ്ച കണ്ട് അമ്പരന്നു. പത്ത് മിനിറ്റു മുൻപ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നു ജിസാറ്റ്–29 ഉപഗ്രഹദൗത്യവുമായി പറന്നുയർന്ന ജിഎൽഎൽവി മാർക്ക് ത്രീ റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത്. ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ ഇന്നലെ പറന്ന ഇൻഡിഗോ 6E 314 വിമാനത്തിൽ നിന്ന് പകർത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ഇന്നലെ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്.