വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ; യോഗം ബഹിഷ്കരിച്ച് യുഡിഎഫ്

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ നിലപാടിൽ ഉറച്ചുനിന്നതില്‍ പ്രതിഷേധിച്ചു യോഗം ബഹിഷ്ക്കരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് പ്രഹസനമാണ്. യുവതികളെ പ്രവേശിപ്പിക്കണമെന്ന മുന്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നു. വിട്ടുവീഴ്ചയ്ക്കു സര്‍ക്കാര്‍ തയാറല്ല. നല്ല അവസരമാണു സര്‍ക്കാരിനു ലഭിച്ചത്. അതു പ്രയോജനപ്പെടുത്തി, സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമായിരുന്നു.

ആമുഖ പ്രസംഗത്തില്‍ തന്നെ മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ചുനിന്നു. സര്‍ക്കാര്‍ യുവതീ പ്രവേശനം നടത്തുമെന്ന് ഉറച്ചു നില്‍ക്കുന്നു. സാധാരണ ഇത്തരം യോഗങ്ങളില്‍ വാക്ക് ഔട്ട് ചെയ്യാറില്ല. പക്ഷേ സര്‍ക്കാര്‍ തീരുമാനം തെറ്റാണ്. അതിനാലാണു ബഹിഷ്ക്കരിച്ചത്. പ്രതിപക്ഷം ആവശ്യപ്പെട്ടതു രണ്ടു കാര്യങ്ങളാണ് – വിധി നടപ്പിലാക്കാന്‍ സാവകാശം തേടണം, പുനഃപരിശോധന ഹര്‍ജിക്ക് 22വരെ സമയമുള്ളതിനാല്‍ സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിക്കരുത്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

പിന്നെ യോഗത്തിന് എന്തു പ്രസക്തി. ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണിത്. നല്ല അവസരം സര്‍ക്കാര്‍ ഇല്ലാതാക്കി. സർവകക്ഷി യോഗം പ്രഹസനമായിരുന്നു. സമവായത്തിനുള്ള ഒരുനീക്കവും ഉണ്ടായില്ല. പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാണ്. സർക്കാർ ബിജെപിയുടെയും ആർഎസ്എസിന്റെയും കയ്യാങ്കളിക്ക് കൂട്ടുനിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാകക്ി.