എംബിഎക്കാര്‍ക്കെന്താ കേരള പൊലീസില്‍ കാര്യം? കാര്യമുണ്ട്

തിരുവനന്തപുരം∙ കേരളാ ആംഡ് പൊലീസിന്റെ മൂന്നാം ബറ്റാലിയനിലെയും അഞ്ചാം ബറ്റാലിയനിലെയും പരിശീലനം പൂര്‍ത്തിയാക്കിയ 551 പേരില്‍ എംബിഎക്കാര്‍ 16 പേര്‍. 21 പേര്‍ ബിടെക് ബിരുദധാരികളും രണ്ടുപേര്‍ എംസിഎക്കാരുമാണ്. എം ടെക് നേടിയ ഒരാളും എംഎസ്ഡബ്ല്യു ഉള്ള രണ്ടുപേരും പുതിയ ബാച്ചുകളിലുണ്ട്. ബിരുദാനന്തര ബിരുദമുള്ളവര്‍ 52 പേര്‍.

പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ഇന്ത്യന്‍ ഭരണഘടന വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്തു ഭാരിച്ച ഉത്തരവാദിത്തമാണ് പൊലീസ് സേനയ്ക്കു നേരിടാനുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന കാര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതിക്ക് ഇടനല്‍കാത്ത മാന്യമായ പെരുമാറ്റം പൊലീസ് സേനാംഗങ്ങളില്‍ നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളോടു മാതൃകാപരമായി ഇടപെടാന്‍ പുതുതായി സേനയില്‍ ചേരുന്നവര്‍ക്കു കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച ഷൂട്ടര്‍ ആയി കെഎപി മൂന്നാം ബറ്റാലിയനിലെ മുഹമ്മദ് ഷാനും അഞ്ചാം ബറ്റാലിയനിലെ അജിത് വാസുദേവനും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഇന്‍ഡോര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് റെജി രാജന്‍, മനു പി.ജി. എന്നിവരാണ്. ബെസ്റ്റ് ഔട്ട്‌ഡോര്‍ കേഡറ്റായി ഹരികൃഷ്ണന്‍ എം.യു, ബിന്‍സ് ലാല്‍ കെ.എസ് എന്നിവരും ബെസ്റ്റ് ഓള്‍റൗണ്ടര്‍ ആയി റെജി രാജന്‍, മനോജ് .എസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.