വിശ്വാസത്തെ മുതലെടുത്തു സംഘപരിവാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തുന്നു.

തിരുവനന്തപുരം∙ സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ നടത്തുന്ന സമരം ഭക്തിയുടെ ഭാഗമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം എത്തിയവരെയാണ് ശബരിമലയില്‍ തടഞ്ഞത്. ശബരിമല പിടിച്ചെടുക്കാനെത്തുന്ന കര്‍സേവകരായാണു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമലയിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനെയും തടഞ്ഞിട്ടില്ല. പൊലീസ് പരമാവധി സംയമനം പാലിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണു പൊലീസ് നടപടിയുണ്ടായത്. പൊലീസ് നടപടി ശക്തമാക്കിയശേഷം ഒരു ഭക്തനും ആക്രമിക്കപ്പെട്ടിട്ടില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭക്തരെന്ന വ്യാജേന സന്നിധാനത്തു തങ്ങാതിരിക്കാനാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തര്‍ക്ക് ശബരിമലയില്‍ സൗകര്യം ഒരുക്കണം എന്നാണു പൊലീസ് നിലപാട്. ആ നിലയ്ക്കു പൊലീസ് സംയമനത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചു. തടസം സൃഷ്ടിക്കുന്ന ചിലരെ സ്വാഭാവികമായും അറസ്റ്റു ചെയ്തു നീക്കേണ്ടിവരും. അതു ദര്‍ശനത്തിനു സൗകര്യം ഒരുക്കുന്നതിനാണ്. ചിത്തിരആട്ടത്തിരുനാള്‍ ഒരു ദിവസത്തെ ഉത്സവമാണ്. ശബരിമലയില്‍ ഇന്നു വരെ ഇല്ലാത്ത അക്രമ നടപടിയാണ് കണ്ടത്. സന്നിധാനം പവിത്രമായ ഇടമാണ്. ഭക്തരുടെ പ്രധാന സ്ഥലം. ആ സന്നിധാനത്ത് തന്നെ പ്രശ്നം സഷ്ടിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു. സ്ത്രീകളെ സന്നിധാനത്തുവച്ചുതന്നെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. 50 വയസു കഴിഞ്ഞ സ്ത്രീയെപോലും ആക്രമിച്ചു. സംഘപരിവാരിനു ശബരമിലയില്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കണമായിരുന്നു. അന്‍പതു വയസു കഴിഞ്ഞെന്നു തിരിച്ചറിഞ്ഞിട്ടും സ്ത്രീയെ ആക്രമിച്ചു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ചോറൂണിനു എത്തിയ സ്ത്രീയും ആക്രമിക്കപ്പെട്ടു. പൊലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് അവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. വലിയ പ്രകോപനം സംഘപരിവാറുകാര്‍ സംഘടിപ്പിച്ചു.

ആചാര സംരക്ഷണത്തിനാണു സമരം എന്നാണു സംഘപരിവാര്‍ തുടര്‍ച്ചയായി പറയുന്നത്. ആചാര സംരക്ഷണം എന്നു പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയില്‍ ആചാരം ലംഘിക്കുന്നതു കേരളം കണ്ടു. സാധാരണ നിലയ്ക്കു ശബരിമലയെ ഭക്തിപൂര്‍വമാണു വിശ്വാസികള്‍ സമീപിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണു സംഘപരിവാറുകാര്‍ ശബരിമലയെ കാണുന്നത്. ഇത് ആര്‍ക്കാണു ഗുണമുണ്ടാക്കിയത് ആര്‍ക്കാണു ദ്രോഹമുണ്ടാക്കിയത് എന്ന് ആലോചിക്കണം. ഭക്തര്‍ക്കാണ് ഈ നടപടികള്‍ ദുരിതമുണ്ടാക്കിയത്. ഈ നടപടികളിലൂടെ തങ്ങള്‍ക്കു ഗുണം ലഭിക്കുമെന്നാണു സംഘപരിവാര്‍ കരുതുന്നത്. ഭക്തരെ അവര്‍ അങ്ങേയറ്റം ദുരിതത്തിലാക്കുന്നു. ഈ ഘട്ടത്തില്‍ തടസം ഉണ്ടാക്കുന്നവരെ നീക്കേണ്ട സമീപനം സര്‍ക്കാരിനു സ്വീകരിക്കേണ്ടിവരും. സര്‍ക്കാര്‍ നല്‍കിയ സൗകര്യങ്ങളെ എങ്ങനെ അട്ടിമറിക്കാം എന്ന ചിന്തയോടെ ചിലര്‍ വരുമ്പോള്‍ അവരെ സ്വാഭാവികമായും തടയേണ്ടിവന്നു.

ബോധപൂര്‍വമാണ് ശബരിമലയില്‍ സംഘപരിവാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ശബരിമല തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ എന്തു കളവും പ്രചരിപ്പിക്കുകയാണ്. ഭക്തരെന്ന പേരില്‍ അക്രമം കാട്ടിയവര്‍ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളാണ്. അക്രമം നടത്തിയതിന് അറസ്റ്റിലായ ആര്‍. രാജേഷ് എന്നയാള്‍ ആര്‍എസ്എസ് മൂവാറ്റുപുഴ മുന്‍ ജില്ലാകാര്യവാഹകാണ്. പി.വി.സജീവ് മൂവാറ്റുപുഴ ജില്ലാ കാര്യവാഹകാണ്. കണ്ണന്‍ പ്രചാര്‍ പ്രമുഖാണ്. വിഷ്ണു എബിവിപി പ്രവര്‍ത്തകനാണ്. അമ്പാടി യുവമോര്‍ച്ച പ്രവര്‍ത്തകന്‍. ബിജു ഹിന്ദു ഐക്യവേദിയുടെ നേതാവാണ്. ഇവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഇവര്‍ ആചാരങ്ങള്‍ പാലിച്ചിരുന്നോ എന്ന് ഇവരെ നാട്ടിലറിയാവുന്നവര്‍ പരിശോധിക്കണം. ഇവര്‍ വനത്തിലൂടെയാണു സന്നിധാനത്തിലെത്തിയത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അയച്ച സര്‍ക്കുലറില്‍ ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്നതിനു ഓരോ മേഖലയ്ക്കും പ്രത്യേകം ആളെ നിശ്ചയിച്ചിരിക്കുകയാണ്. 86 ബിജെപി നേതാക്കള്‍ക്കാണു ചുമതല. ഇവര്‍ 41 ദിവസം വ്രതം അനുഷ്ഠിച്ചു വരുന്നവരല്ലെന്നു ജനങ്ങള്‍ക്ക് അറിയാം. വലിയ ഗൂഢപദ്ധതിയാണ് ബിജെപിയുടേത്. സര്‍ക്കുലര്‍ വന്നതോടെ ഇതു എല്ലാവര്‍ക്കും മനസിലായി. രാഷ്ട്രീയ താല്‍പര്യത്തിനായി ബിജെപി ഭക്തരെ ബലിയാടാക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു നേതാവ് ശബരിമലയില്‍ കാട്ടിയ കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലൂടെ ജനങ്ങള്‍ കണ്ടു. അദ്ദേഹം വലിച്ചെറിഞ്ഞ ഇരുമുടി കെട്ട് എസ്പി എടുത്തു കൊടുക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. അതു ബഹുമാനത്തോടെ സൂക്ഷിക്കേണ്ടേ? അതു വീണ്ടും വലിച്ചെറിയുന്നതു ദൃശ്യങ്ങളില്‍ കാണാം. എസ്പി വീണ്ടും അതു നേതാവിനെ എല്‍പിക്കുന്നു, വീണ്ടും നേതാവ് വലിച്ചെറിയുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ അദ്ദേഹം തന്നെ കീറുന്നു. ഇതെല്ലാം ആചാരസംരക്ഷണത്തിന്റെ ഭാഗമാണോയെന്നു ജനങ്ങള്‍ ചിന്തിക്കണം. ബിജെപി നേതാക്കള്‍ ക്ഷേത്രദര്‍ശനത്തിനു വന്നാല്‍ സൗകര്യം ഒരുക്കും. മറ്റൊരു ചിന്തയാണെങ്കില്‍ പൊലീസ് നേരിടും.

സുപ്രീംകോടതി വിധിയെ സംബന്ധിച്ചു കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തിനു മിണ്ടാട്ടമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, വിശ്വാസത്തെ മുതലെടുത്തു രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക. അതിനു ശബരിമലയെ സംഘപരിവാര്‍ കലാപ ഭൂമിയാക്കുന്നു. നാട് ഇതു തിരിച്ചറിയണം. അക്രമികളെ നേരിടല്ലെന്നു പറഞ്ഞ് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെ ആക്ഷേപിച്ചു. അക്രമികളെ അറസ്റ്റു ചെയ്തപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അദ്ദേഹം പറയുന്നത്. തോന്നുമ്പോള്‍ തോന്നുന്നതു പറയുന്നതു പ്രതിപക്ഷനേതാവിനു ചേര്‍ന്നതല്ല. ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം 202 കോടിരൂപ അനുവദിച്ചു. ശൗചാലയങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുനഃസ്ഥാപിച്ചു. കുടിവെള്ളം പുനഃസ്ഥാപിച്ചു. 247 റോഡിന് പണം അനുവദിച്ചു. മനുഷ്യ സാധ്യമായ എല്ലാ സൗകര്യങ്ങളും ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാം തകര്‍ന്ന സ്ഥലത്ത് ചില അസൗകര്യം ഉണ്ടാകും. അതു പരിഹരിക്കാന്‍ തുടര്‍ന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.