നവോത്ഥാന പാരമ്പര്യമുളള സംഘടനകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം∙ നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു മുന്‍കൈയെടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ‘നാം മുന്നോട്ട്’ എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ പേരില്‍ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോവാനുളള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തെ അപമാനിക്കലാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ പൊതുവെ നല്ല നിലപാടാണ് സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ അവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മാധ്യമപ്രവര്‍ത്തകരാണ്. അതിഭീകരമായ ആക്രണമാണ് ഉണ്ടായത്. കേരളത്തെ പുറകോട്ടുകൊണ്ടുപോവാനുളള നീക്കത്തെ തുറന്നുകാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. പല വാര്‍ത്തകളിലെയും വിന്യാസരീതി നാടിനെ പുറകോട്ടുവലിക്കുന്നവര്‍ക്ക് ഉത്തേജനം പകരുന്നതാണ്. ശരിയായ നിലപാടെടുത്ത് മുന്നോട്ടുപോവുന്ന സമീപനമാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനത്തിന്‍റെ ഭാഗമായി കെ.കേളപ്പന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവര്‍ കാട്ടിയ മാതൃക ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. പാഠപുസ്തകങ്ങള്‍ നവോത്ഥാനമൂല്യങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി പരിഷ്കരിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കും.

ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാര്യര്‍, ചരിത്രകാരനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. രാജന്‍ഗുരുക്കള്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, എഴുത്തുകാരായ എസ്. ശാരദക്കുട്ടി, തനൂജ ഭട്ടതിരി, ഡോ. ഖദീജ മുംതാസ്, റോസി തമ്പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.