മോദി വരും, പോകും; രാജ്യമാണ് പ്രഥമം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി ∙ മോദി വരികയും പോകുകയും ചെയ്താലും ഇന്ത്യ എക്കാലവും ഒന്നായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ 50–ാം പതിപ്പിലാണ് രാജ്യം എക്കാലവും ഒറ്റക്കെട്ടായി തുടരുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ‘മൻ കി ബാത്ത്’ രാഷ്ട്രീയം ചർച്ച ചെയ്യാനുള്ള വേദിയല്ലെന്നും ഇതിൽ രാഷ്ട്രീയം കൊണ്ടുവരാതെ ഇത്രയും കാലം മുന്നോട്ടുപോകാനായതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘മോദി വരും, പോകും. പക്ഷേ, നമ്മുടെ രാജ്യം എപ്പോഴും ഒന്നായിരിക്കും; നമ്മുടെ സംസ്കാരം അനശ്വരവും. 130 കോടിയിലധികം വരുന്ന ജനങ്ങൾ പങ്കുവയ്ക്കുന്ന ചെറിയ കഥകൾ എക്കാലവും നിലനിൽക്കും. ഈ പുതിയ പ്രചോദനത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കി നമ്മുടെ രാജ്യം വളരുകതന്നെ ചെയ്യും’ – മോദി പറഞ്ഞു.

‘മൻ കി ബാത്തിനു തുടക്കം കുറിക്കുമ്പോൾ, അതിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിൽ മോദിയോ മറ്റു രാഷ്ട്രീയ നേട്ടങ്ങളോ കടന്നുവരരുതെന്നും ആഗ്രഹിച്ചിരുന്നു. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചത് നിങ്ങളോരോരുത്തരുടെയും നിർലോഭമായ സഹകരണം ഒന്നുകൊണ്ടു മാത്രമാണ്’ – മോദി വ്യക്തമാക്കി.

മൻ കി ബാത്തിന് അർഹിക്കുന്ന പരിഗണന നൽകി ജനങ്ങളിലേക്ക് എത്തിക്കാൻ മനസ്സു കാട്ടുന്ന മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. ‘രാഷ്ട്രീയക്കാർ സാധാരണഗതിയിൽ മാധ്യമങ്ങളുമായി അത്ര ചേർച്ചയിലായിരിക്കില്ല. മാധ്യമങ്ങളിൽ തങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നോ നെഗറ്റീവ് വാർത്തകൾ മാത്രമേ അവർ നൽകുന്നുള്ളൂ എന്നൊക്കെയാകാം പരിഭവം. എങ്കിലും, മൻ കി ബാത്തിൽ ഞാൻ ഉയർത്തിക്കാട്ടിയ വിഷയങ്ങൾ അവരുടേതെന്ന രീതിയിൽത്തന്നെ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ ആദ്യം മുതലേ ശ്രമിച്ചിട്ടുണ്ട്’– മോദി പറഞ്ഞു.