നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാർ കൂട്ടുനിന്നു: ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി ∙ മുൻ ‍‍‍ഡിജിപി ടി.പി. സെൻകുമാറിനെതിരെ സർക്കാർ ഹൈക്കോടതിയിൽ സത്യാവാങ്മൂലം സമർപ്പിച്ചു. കേരള അ‍ഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ അംഗമാകുന്നതിനു സർക്കാർ തടസ്സം നിൽക്കുന്നു എന്നാരോപിച്ചു ടി.പി. സെൻകുമാർ സമർപ്പിച്ച ഹർജിയിലാണു സർക്കാരിന്റെ സത്യവാങ്മൂലം. ഐഎസ്ആർഒ കേസിൽ നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാർ കൂട്ടുനിന്നെന്നും ഈ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നുമാണു സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സെൻകുമാറിനെ കേരള അ‍ഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കാൻ സാധിക്കില്ല എന്നാണു സർക്കാർ നിലപാട്.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയിൽ ഏഴാം എതിർ കക്ഷിയാണു സെൻകുമാർ. നമ്പി നാരാണനെതിരായ കേസിൽ അന്വേഷണ ഉത്തരവാദിത്തം സെൻകുമാറിന് ഉണ്ടായിരുന്നെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടരന്വേഷണ അനുമതി സമ്പാദിച്ചെന്നും മാധ്യമങ്ങൾക്കു വാർത്ത ചോർത്തി നൽകിയെന്നും നമ്പി നാരായണൻ നൽകിയ പരാതിയിലുണ്ട്. കേസിൽ 11 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണു നമ്പി നാരയണൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസിൽ അന്വേഷണം പൂർത്തിയാക്കിയാൽ മാത്രമേ നിയമനം നടത്താനാവൂ എന്നാണു സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം, തന്റെ നിയമനം തടഞ്ഞ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ടി.പി. സെൻകുമാറിന്റെ ആവശ്യം.