ബാർ കോഴയിൽ തുടരന്വേഷണം വേണോ?: വിജിലൻസ് നിലപാട് തേടി ഹൈക്കോടതി

കൊച്ചി∙ ബാർ കോഴ കേസിൽ കെ.എം. മാണിക്കെതിരെ തുടരന്വേഷണം വേണോ എന്ന കാര്യത്തിൽ വിജിൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്നുണ്ടെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കണോ കേസ് എന്നു വിജിലൻസ് വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു.

അഴിമതി നിരോധന നിയമ പ്രകാരമുള്ള മുൻകൂർ അനുമതി വ്യവസ്ഥ 2018ൽ ആണ് നിലവിൽ വന്നത്. 2014 ൽ റജിസ്റ്റർ ചെയ്ത ബാർ കേസിന് ഈ വ്യവസ്ഥ ബാധകമല്ലെന്നും തുടരന്വേഷണം അനന്തമായി നീളുകയുമാണന്നും ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

മാണിക്കെതിരെ മൂന്നാമതും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി തുടരന്വേഷണത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി ഡിസംബർ 10നകം വാങ്ങാൻ പരാതിക്കാരോടു നിർദേശിച്ചിരുന്നു. ‌ഒരിക്കൽ അനുമതി കിട്ടി അന്വേഷിച്ച കേസിൽ വീണ്ടും അനുമതി വേണമോയെന്നും വേണമെന്നുണ്ടെങ്കിൽ അന്വേഷണ ഏജൻസി അല്ലേ വാങ്ങേണ്ടതെന്നും കോടതി ചോദിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.