‘ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി; റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണം’

ശബരിമല ക്ഷേത്രത്തിൽ ഞായറാഴ്ച പതിനെട്ടാംപടി കയറുന്ന ഭക്തർ. ചിത്രം: രാഹുൽ ആർ. പട്ടം

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള 23 റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് സംസ്ഥാന സർക്കാർ. സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശം മുഖേനയാണ് സർക്കാർ സുപ്രീംകോടതിയെ ഇക്കാര്യമാവശ്യപ്പെട്ടു സമീപിച്ചത്.

ഈ റിട്ട് ഹർജികളിലെ മുഴുവൻ നടപടികളും സ്റ്റേ ചെയ്യണം. എല്ലാ ഹർജികളും സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടതാണെന്നും സർക്കാർ നിലപാടെടുത്തു. സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഈയാഴ്ച തന്നെ പരിഗണിച്ചേക്കും.

ശബരിമലയിൽ വലതു സംഘടനകൾ ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്ന് ഹർജിയിൽ ആരോപിച്ചു. വിഷയം രാഷ്ട്രീയവൽക്കരിക്കാനാണു സംഘടനകളുടെ ശ്രമം. ഭക്തരുടെ വേഷത്തിൽ എത്തിയവർ ദർ‌ശനത്തിന് വന്ന യുവതികളെ ആക്രമിച്ചു. സർക്കാർ‌ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങൾ സുപ്രീംകോടതി സംരക്ഷിക്കണം. ഇല്ലെങ്കിൽ ബുദ്ധിമുട്ടിലാകുമെന്നും സർക്കാർ ഹർജിയിൽ ഉന്നയിച്ചു. 

നേരത്തേ, ശബരിമലയിൽ നിരീക്ഷക സമിതിയെ നിയോഗിച്ച തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാര്‍ തീരുമാനിച്ചിരുന്നു. പല ഘട്ടങ്ങളിലും ഹൈക്കോടതി ഇടപെടുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണു സർക്കാരിന്റെ നിലപാട്.

സുപ്രീം കോടതി വിധി നടപ്പാക്കാൻ ഹൈക്കോടതി സമിതിയെ നിയോഗിച്ചത് അംഗീകരിക്കാനാവില്ല. ജസ്റ്റിസ് പി.ആർ.രാമൻ, ജസ്റ്റിസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണു ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അംഗങ്ങൾ.