ഭാരത് മാതാ കീ ജയ് എന്നല്ല അംബാനി കീ ജയ് എന്നാണു വിളിക്കേണ്ടത്: മോദിക്കെതിരെ രാഹുൽ

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ രാജസ്ഥാൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. ‘ഭാരത് മാതാ കീ ജയ്’ വിളിയെചൊല്ലിയാണു പുതിയ തർക്കം.

പ്രധാനമന്ത്രി എല്ലാ പ്രസംഗത്തിലും ഭാരത് മാതാ കീ ജയ് എന്ന് പറയുന്നുണ്ട്. എന്നാൽ പണിയെടുക്കുന്നതു മുഴുവൻ അനിൽ അംബാനിക്കു വേണ്ടിയാണ്. അനിൽ അംബാനി കീ ജയ്, മെഹുൽ ചോക്സി കീ ജയ്, നീരവ് മോദി കീ ജയ്, ലളിത് മോദി കീ ജയ് എന്നു പറഞ്ഞാണ് മോദി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ആരംഭിക്കേണ്ടത്– രാഹുൽ പറഞ്ഞു.

കർഷകർ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം ബീമാ യോജനയിലൂടെ പ്രധാനമന്ത്രി പണക്കാർക്കു നൽകി. ഇത് ബീമ യോജനയല്ല, അനിൽ യോജന, നീരവ് മോദി യോജന, വിജയ് മല്യ യോജന എന്നെല്ലാമാണു വിളിക്കേണ്ടത്– രാഹുല്‍ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷന്റെ പരാമർശം മാതൃരാജ്യത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു. ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ റാലികൾ ആരംഭിക്കരുതെന്ന ഫത്‍വയുമായാണ് കോണ്‍ഗ്രസിന്റെ വരവ്. ഇത്തരം പ്രസ്താവനകള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിന് ഭാരത് മാതാ കീ ജയ് എന്നു പറയുന്നത് നാണക്കേടാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.