സംഘർഷ സാധ്യതയെന്ന് തൃണമൂൽ സർക്കാർ; അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതിയില്ല

ബിജെപി ദേശീയ അധ്യക്ഷൻ‌ അമിത് ഷാ

കൊൽക്കത്ത ∙ ബിജെപി ദേശീയ അധ്യക്ഷൻ‌ അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി. കുച്ച് ബെഹാറിൽ നടക്കുന്ന പരിപാടിയിൽ വർഗീയ സംഘർഷങ്ങൾക്കു സാധ്യതയുണ്ടെന്നു സർക്കാർ കൊൽക്കത്ത ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അടുത്ത വാദം കേൾക്കുന്ന 2019 ഡിസംബർ 9 വരെ യാത്ര നടത്തരുതെന്നാണു കോടതി നിർദേശം.

ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന യാത്രയ്ക്ക് കുച്ച് ബെഹാർ പൊലീസ് അനുമതി നൽകിയിട്ടില്ല. 3 രഥയാത്രകൾ ഉൾപ്പെടുന്ന ജനാധിപത്യ സംരക്ഷണ റാലിയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ നടത്താനിരുന്നത്. ഇത് ജില്ലയിൽ വർഗീയ പ്രശ്നങ്ങൾക്കു വഴിയൊരുക്കിയേക്കാമെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്.

പ്രശ്ന ബാധിതമേഖലയായ കുച്ച് ബെഹാറിൽ പരിപാടിക്കായി പുറമേ നിന്നുള്ള ബിജെപി നേതാക്കളും എത്തുന്നതോടെ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് എസ്പി കിഷോർ ദത്ത നല്‍കിയ കത്തിൽ വ്യക്തമാക്കുന്നു. റാലിക്ക് അനുമതി നിഷേധിക്കുന്ന കാര്യങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.

അതിനിടെ ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ വാഹനം കുച്ച് ബെഹാറിൽ ചിലര്‍ അക്രമിച്ചു. കുച്ച് ബെഹാറിലെ മാതഭംഗ എന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അക്രമം. തിരികെ പോകണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളാണു വാഹനം അക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.

ലോക്സഭാ തിര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന രഥയാത്ര സംസ്ഥാനത്തു രാഷ്ട്രീയ മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണു യാത്ര കടന്നുപോകേണ്ടിയിരുന്നത്.