നിരീക്ഷകരെ നിയമിച്ച ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണം: സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി∙ ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. മൂന്നംഗ സംഘത്തെയാണു ഹൈക്കോടതി നിയമിച്ചത്. ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണം. പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണിത്. ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ. േഹമചന്ദ്രൻ എന്നിവരാണ് സമിതിയിലുള്ളത്. സമിതി കഴിഞ്ഞ ദിവസം ശബരിമല സന്നിധാനം സന്ദർശിച്ചിരുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. ആവശ്യമാണെങ്കിൽ സുപ്രീം കോടതിക്ക് മേൽനോട്ട സമിതിയെ നിയോഗിക്കാമെന്നും സർക്കാർ നിലപാടെടുക്കുന്നു.