മോദിയുടെ ഇന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് ഗൂഢശക്തി, ജാഗ്രത പാലിക്കുക: രാഹുല്‍

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി∙ രാജസ്ഥാൻ, തെലങ്കാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ വിചിത്രമായ രീതിയിലാണ് പെരുമാറിയത്. കുറച്ചുപേർ ഒരു ബസ് മോഷ്ടിച്ചു രണ്ട് ദിവസത്തേക്കു മാഞ്ഞുപോയി. മറ്റുള്ളവർ ഹോട്ടലിൽ നിന്ന് വെള്ളം കുടിക്കുന്നത് കണ്ടെത്തി. മോദിയുടെ ഇന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് ഗൂഢമായ ശക്തിയാണുള്ളത്, ജാഗ്രത പാലിക്കുക– രാഹുൽ ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകൾക്കു ശേഷം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. നവംബർ 28ന് നടന്ന വോട്ടിങ്ങിന് ശേഷം യന്ത്രങ്ങൾ സാഗർ ജില്ലാ കലക്ടറുടെ ഓഫിസിലേക്ക് ഒരു സ്കൂൾ ബസിൽ എത്തിച്ചതായി കോൺഗ്രസ് പരാതി നൽകിയിരുന്നു. കൃത്രിമം കാണിക്കുന്നതിനാണ് ഇതു പുറത്തേക്കു കൊണ്ടുപോയതെന്നാണ് കോൺഗ്രസിന്റെ പരാതി.

ഭോപ്പാലിൽ‌ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഒരു മണിക്കൂറിനു മുകളിൽ പ്രവർത്തന രഹിതമായിരുന്നു. വൈദ്യുതി നിലച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണു വിശദീകരണം. പക്ഷേ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം പിൻവാതിൽ തുറന്നുകിടക്കുന്ന രീതിയിലും കണ്ടെത്തി.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ സംവിധാനം തിരികെയെത്തിക്കണമെന്നാണു ബഹുഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളുടെയും ആവശ്യം. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യതയുണ്ടന്നാണു പ്രതിപക്ഷത്തിന്റെ പരാതി. അതേസമയം തങ്ങളുടെ പോരായ്മകൾ വോട്ടിങ് യന്ത്രങ്ങളുടെ മേൽ ചുമത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ നിലപാട്.