റോബർട്ട് വാധ്‌രയുടെ ഓഫിസിൽ ഇഡി റെയ്ഡ്; തോൽവി ഭയന്നിട്ടെന്ന് കോൺഗ്രസ്

റോബർട്ട വാധ്‌ര

ന്യൂഡൽ‌ഹി∙ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട വാധ്‌രയുടെ ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) അപ്രതീക്ഷിത റെയ്ഡ്. ഡൽഹിയിലും ബെംഗളൂരുവിലും വാധ്‌രയോട് അടുപ്പമുള്ള ആളുകളുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തി.

വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു റെയ്ഡ്. ഉദ്യോഗസ്ഥരെ ഓഫിസിലെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് ബലാൽക്കാരമായിട്ടായിരുന്നു ഇഡി അധികൃതരുടെ നടപടിയെന്ന് റോബർട്ട് വാധ്‌രയുടെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു. പ്രതിരോധ ഇടപാടുകളിൽ കമ്മിഷൻ വാങ്ങിച്ചുവെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് എൻ‌ഫോഴ്സ്മെന്റ് നടപടിയെന്നാണ് സൂചന.

എന്നാൽ ഇതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയാറായില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോൽവി മുന്നിൽ കണ്ടുള്ള ബിജെപിയുടെ പ്രതിരോധ നടപടികളുടെ ഭാഗമാണ് റെയ്ഡെന്നു കോൺഗ്രസ് ആരോപിച്ചു. തോൽവി ഉറപ്പായതോടെ മോദി സർക്കാർ പ്രതികാര നടപടികൾ‌ ആരംഭിച്ചതായും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് ഇഡി ഈ ദിവസം തന്നെ റെയ്ഡ് നടത്തിയതെന്ന് നാഷനൽ കോൺ‌ഫ്രൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല ആരോപിച്ചു. ഹരിയാനയിലെ വിവാദ ഭൂമിയിടപാടിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന ആളാണ് റോബർട്ട് വാധ്‌ര.