‘മിസ്റ്റർ 36’ വിഡിയോ വീട്ടുകാരും കൂട്ടുകാരും ആസ്വദിക്കട്ടെ: രാഹുൽ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി ∙ ഇടയ്ക്കിടെ നിന്നുപോകുന്ന ഗ്രാമഫോണുമായി തന്നെ താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചു പറഞ്ഞ ഭാഗങ്ങൾ ഇടകലർന്ന വിഡിയോയുമായാണു രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചത്.

തകരാർ സംഭവിച്ച ഗ്രാമഫോണിനെപ്പോലെ കാര്യങ്ങൾ വീണ്ടുംവീണ്ടും ആവർത്തിക്കുകയാണു കോൺഗ്രസ് അധ്യക്ഷൻ ചെയ്യുന്നതെന്നു കഴിഞ്ഞ ഒക്ടോബറിൽ മോദി ആരോപിച്ചിരുന്നു. രാഹുലിന്റെ ബാലിശമായ അവകാശ വാദങ്ങളും സർക്കാരിനെതിരെയുള്ള കള്ളങ്ങളും ജനങ്ങൾ അംഗീകരിക്കില്ലെന്നും മോദി പറഞ്ഞു.

അതിനു മറുപടിയായാണു ഗാന്ധി കുടുംബത്തെക്കുറിച്ചു മാത്രമുള്ള മോദിയുടെ പ്രസംഗഭാഗങ്ങൾ വെട്ടിയെടുത്തു തയാറാക്കിയ വിഡിയോ രാഹുല്‍ ട്വീറ്റ് ചെയ്തത്. ‘മിസ്റ്റർ 36 അവതരിപ്പിക്കുന്ന വിഡിയോ ആണിത്. ഇതു നിങ്ങൾ ആസ്വദിക്കുമെന്നു കരുതുന്നു. എല്ലാവർക്കും ആസ്വദിക്കുന്നതിനായി നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരുമായും വിഡിയോ പങ്കുവയ്ക്കുക’– രാഹുൽ പറഞ്ഞു.

ബിജെപി പ്രവർത്തകരോടുള്ള മോദിയുടെ പ്രസംഗവുമായാണു വിഡ‍ിയോ തുടങ്ങുന്നത്. ഗ്രാമഫോണ്‍ റെക്കോഡുകള്‍ തകരാറിലായാൽ ചില വാക്കുകൾ തന്നെ അവർ ആവർത്തിച്ചു കൊണ്ടിരിക്കും. കുറച്ച് ആൾക്കാരും ഇങ്ങനെയാണ്. അവരുടെ മനസ്സിൽ ഒരു കാര്യം കയറിയാൽ പിന്നെ അതുതന്നെ ആവർത്തിക്കും –വിഡിയോയിൽ രാഹുലിനെ ലക്ഷ്യമിട്ട് മോദി പറയുന്നു.

അതിനുശേഷമുള്ള ഭാഗങ്ങളിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചു പ്രധാനമന്ത്രിയുടെ വാക്കുകളും ഒന്നിനുപിറകേ ഒന്നായി അവതരിപ്പിക്കുന്നു. ജവാഹർലാൽ നെഹ്‍റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുന്ന മോദിയുടെ പ്രസംഗ ഭാഗങ്ങളാണു വിഡിയോയിലുള്ളത്.