ശബരിമല: നീരാജനം വഴിപാട് പരിഷ്കരിക്കാൻ ആലോചന

ശബരിമല∙ അയ്യപ്പസന്നിധിയിലെ നീരാജനം വഴിപാട് പരിഷ്കരിക്കുന്നു. പൂജാവേളയിൽ ശ്രീകോവിലിൽ അയ്യപ്പ വിഗ്രഹത്തിനു മുൻപിലാണ് നീരാജനം കത്തിക്കുന്നത്. താലത്തിൽ തേങ്ങാമുറിവച്ച് നെയ്യ് ഒഴിച്ച് എള്ളിൻകിഴിയിട്ട് കത്തിച്ചശേഷം അയ്യപ്പവിഗ്രഹത്തെ ഉഴിഞ്ഞ് അഗ്നിനാളം വന്ദിക്കുന്നതാണു നീരാജനം വഴിപാട്.

ഇതിൽ പലപ്പോഴും സാക്ഷ്യം വഹിക്കാൻ വഴിപാടുകാർക്കു കഴിയാറില്ല. ഏതാനും പേർക്കു മാത്രമേ ഈ വഴിപാട് നടത്താൻ അവസരം ലഭിക്കൂ. പരമാവധി ഭക്തർക്കു വഴിപാടു കഴിച്ച് അഗ്നിനാളത്തെ വന്ദിക്കാൻ അവസരം കിട്ടും വിധത്തിൽ പ്രത്യേക സ്ഥലത്ത് ഇതിനുള്ള അവസരം ഒരുക്കാനാണ് ആലോചിക്കുന്നത്.

ശനീശ്വര ക്ഷേത്രങ്ങളിൽ ഭക്തർക്കു നേരി‌‌ട്ട് നീരാജന വഴിപാട് നടത്താനുളള അവസരം ലഭിക്കാറുണ്ട്. അതേ മാതൃകയിൽ ഇവിടെയും നീരാജന തട്ട് വഴിപാടുകാർക്കു കൈമാറി അവർക്കു വന്ദിക്കാൻ കഴിയുന്ന സൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.