ഇന്ത്യയുടെ വളർച്ച ‘വളരെ ദൃഢം’; മോദിയുടെ സാമ്പത്തിക നയങ്ങളെ പുകഴ്ത്തി ഐഎംഎഫ്

വാഷിങ്ടൻ∙ കഴിഞ്ഞ നാലു വർഷമായി ഇന്ത്യയുടെ വളർച്ച ‘വളരെ ദൃഢമായതാണെന്ന്’ രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധൻ മൗറിസ് ഒബ്സ്റ്റ്ഫെൽഡ്. ജിഎസ്ടി, ഇൻസോൾവെൻസി ആൻഡ് ബാങ്കറപ്റ്റ്സി കോഡ് തുടങ്ങി സർക്കാർ നടപ്പിൽവരുത്തിയ അടിസ്ഥാന സാമ്പത്തിക പരിഷ്കാരങ്ങളെ ഒബ്സ്റ്റ്ഫെൽഡ് പ്രശംസിക്കുകയും ചെയ്തു. ഞായറാഴ്ച മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടിസ്ഥാന സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തി. അത്തരം പരിഷ്കാരങ്ങൾ പ്രധാനപ്പെട്ടവയാണ്. കഴിഞ്ഞ നാലര വർഷത്തെ രാജ്യത്തിന്റെ വളർച്ചാ പ്രകടനം വളരെ ദൃഢതയുള്ളതാണ്. ഈ വർഷം മൂന്നാം പാദത്തിൽ അത്ര പ്രകടനമല്ലെങ്കിലും പൊതുവിൽ ദൃഢതയുള്ള വളർച്ചയാണ് ഇന്ത്യ കാണിക്കുന്നത്.

പ്രധാനപ്പെട്ട സവിശേഷത എന്താണെന്നുവച്ചാൽ ഈ പരിഷ്കാരത്തിന്റെ വേഗത തിരഞ്ഞെടുപ്പ് വന്നാലും നിലനിർത്തണം. ധനകാര്യ വിഷയങ്ങളുടെ പാത എപ്പോഴും സജീവമാക്കി നിർത്തണം. ഷാഡോ ബാങ്കിങ് എന്ന വിഷയമാണ് കഴിഞ്ഞ കുറച്ചു നാളുകളായി വെല്ലുവിളി ഉയർത്തുന്നത്. തിരഞ്ഞെടുപ്പു വരുന്നതിനാൽ സമ്പദ്‌വ്യവസ്ഥയുടെ വേഗത കുറയ്ക്കുന്നതൊന്നും ചെയ്യാതിരിക്കാനുള്ള ഒരു ശ്രമം രാജ്യത്തു കാണുന്നുണ്ട്’ – ഒബ്സ്റ്റ്ഫെൽഡ് പറഞ്ഞു.

66കാരനായ ഒബ്സ്റ്റ്ഫെൽഡ്‌ ഈ മാസം വിരമിക്കുന്നതോടെ മലയാളിയും സംസ്ഥാന മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഗീത ഗോപിനാഥാണ് തൽസ്ഥാനം ഏറ്റെടുക്കുന്നത്. മുൻപ് ആർബിഐ ഗവർണറായിരുന്ന രഘുറാം രാജനും ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധനായിട്ടുണ്ട്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു രഘുറാം രാജൻ. മൂന്നു വർഷത്തിനുശേഷം പദവിയൊഴിയുന്ന ഒബ്സ്റ്റ്ഫെൽഡ് ബെർക്ക്‌ലെയിലെ കലിഫോർണിയ സർവകലാശാലയിലെ ഇക്കണോമിക്സ് വിഭാഗത്തിലേക്കു തിരികെപ്പോകും.