മോദിക്കു പകരം താരമായെത്തി യോഗി; പ്രചാരണതന്ത്രത്തിൽ അടിപതറി ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ മോദിപ്രഭാവത്തിനേറ്റ മങ്ങലും ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ മുഖമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കടന്നുവരവുമാണ് രാഷ്ട്രീയ ഗോധയിൽ ചർച്ചയാകുന്നത്. അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ ബിജെപി കൈവിടുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിൽ നരേന്ദ്ര മോദിയെന്ന് വൻവൃക്ഷത്തിന്റെ തണലിൽ എക്കാലവും നിലനിൽക്കാനാവില്ലെന്ന തിരിച്ചറിവു കൂടിയാണ് ബിജെപിക്കു ലഭിക്കുന്നത്. എന്നാൽ ഈ തവണ തോൽവിയുടെ ഭാരം ഏൽക്കേണ്ടി വരുന്നത് മോദിക്കാവില്ല, മറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായിരിക്കും.

2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന മറ്റു സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി മോദിയെ ആശ്രയിച്ചായിരുന്നില്ല ഈ തവണ ബിജെപിയുടെ പ്രചാരണം. മോദി കഴിഞ്ഞാൽ ഇപ്പോൾ ഒരുപക്ഷേ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന ബിജെപി നേതാവായ യോഗി ആദിത്യനാഥായിരുന്നു ഈ ‘സെമിഫൈനലിലെ’ അവരുടെ ‘താര പ്രചാരകൻ’. ബിജെപിയുടെ തന്നെ കണക്കുകൾ പ്രകാരം ഏകദേശം 75 ഓളം തിരഞ്ഞെടുപ്പ് റാലികളിലാണ് യോഗി പങ്കെടുത്തത്. മോദി പങ്കെടുത്തത് 31 റാലികളിലും. അതായത് മോദിയേക്കാൾ ഇരിട്ടയിലധികം റാലികളിലാണ് യോഗി സാന്നിധ്യം അറിയിച്ചത്.

ബിജെപിയുടെ മറ്റു മുഖ്യമന്ത്രിമാർ സ്വന്തം സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുമ്പോഴാണു യോഗി രാജ്യവ്യാപക പ്രചാരണത്തിനിറങ്ങിയത്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ മുന്നേറ്റത്തിനു കളമൊരുക്കിയതിൽ യോഗിയുടെ റാലികൾ വലിയ പങ്കുവഹിച്ചുവെന്ന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തലാണ് മുഖ്യപ്രചാരകന്റെ നിരയിലേക്ക് യോഗിയുടെ പേരും ഉയർത്തിയത്.

എന്നാൽ മോദിയെ തഴഞ്ഞ് യോഗിയെ ഉയർത്തിക്കാട്ടാനുള്ള തീരുമാനം പാളിയതിന്റെ ലക്ഷണങ്ങളാണ് ഇന്നത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സ്വന്തം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിൽ മൗനം പാലിക്കുന്ന യോഗി മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയെക്കുറിച്ച് ആ‍ഞ്ഞടിക്കുന്നതിലെ വൈരുധ്യം കുറച്ചെങ്കിലും ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയിരിക്കണം. മാത്രമല്ല, ‘പേരുമാറ്റ’രാഷ്ട്രീയത്തിന്റെ ആളായി ചിത്രീകരിക്കപ്പെട്ടതും തിരിച്ചടിയായിയെന്നു വേണം കരുതാൻ.

ഭരണവിരുദ്ധവികാരം ഏറ്റവും ആഞ്ഞടിച്ച രാജസ്ഥാനിലാണ് യോഗി ആദിത്യനാഥ് കൂടുതൽ റാലികളിൽ - 26 എണ്ണം – പങ്കെടുത്തതെന്നത് ബിജെപി അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം എത്രമാത്രണെന്നത് വെളിവാക്കുന്നതാണ്. ഗുജറാത്തിൽ മോദി ഏറ്റെടുത്ത് ആ ചുമതലയാണ് രാജസ്ഥാനിൽ യോഗി ചുമലിലേറ്റിയത്. 2017–ൽ ബിജെപിക്കു കൈവിട്ടുപോകുമെന്നു കരുതിയ ഗുജറാത്തിനെ അവസാനനിമിഷത്തെ തേരോട്ടത്തിലൂടെ അധികാരത്തിലെത്തിച്ചത് മോദിയെന്ന ‘സ്റ്റാർ ക്യാംപെയ്നറാണ്’.

എന്നാൽ‌ രാജസ്ഥാനിൽ ആ ചുമതല യോഗി ഏറ്റെടുത്തപ്പോൾ ബിജെപിക്ക് അടിപതറി. ബിജെപി നേതൃത്വത്തിനിടയിൽ ഇപ്പോൾ‌ ഉയരുന്ന ചോദ്യ‌ങ്ങൾ ഇതാണ്: മോദിക്കു പകരം വെയ്ക്കാൻ ഒരു നേതാവ് പാർ‌ട്ടിയിൽ ഇല്ലേ? യോഗി ആദിത്യനാഥിന്റെ വാക്കുകളുടെ മൂർച്ച നഷ്ടപ്പെട്ടോ? തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ ബിജെപിയെ ഏറ്റവും കുഴക്കുന്നതും ഈ ചോദ്യങ്ങളാവും.