വനിതാ മതിലിൽ പങ്കെടുക്കാതിരുന്നാൽ നടപടി എടുക്കുമോ?: സർക്കാരിനോടു ഹൈക്കോടതി

കൊച്ചി∙ സർക്കാർ ജീവനക്കാർ വനിതാ മതിലിൽ പങ്കെടുക്കാതിരുന്നാൽ നടപടി എടുക്കുമോ എന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി. കേസ് പരിഗണിക്കുമ്പോൾ സർക്കാർ ഇക്കാര്യം അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരെ മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.

വകുപ്പുകളോടു സഹായം അഭ്യർഥിച്ചു എന്നല്ലാതെ നിർബന്ധമായി പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നു സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. കോടതിയും ഹർജിക്കാരെ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ കുഴപ്പമില്ലെന്നു നിരീക്ഷിച്ച കോടതി സർക്കാരിന്റെ നേട്ടം ഉയർത്തിപ്പിടിക്കുന്നതിനല്ലേ ഇതെന്ന് ആരാഞ്ഞു.

നിർബന്ധിത സ്വഭാവം ഇല്ലാത്തിടത്തോളം സർക്കാരിന് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. വനിതാ മതിലിന്റെ ചെലവിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ദുരിതാശ്വാസ ഫണ്ടിൽ നിന്നു തുക ചെലവഴിക്കാനാണു നീക്കമെങ്കിൽ തടയണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.