മുംബൈ–ലക്നൗ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; നിലത്തിറക്കി

പ്രതീകാത്മക ചിത്രം

മുംബൈ∙ മുംബൈയിൽനിന്ന് ഡൽഹി വഴി ലക്നൗവിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്നു നിലത്തിറക്കി. വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്കുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനം സുരക്ഷിതമാണെന്ന് സുരക്ഷാ ഏജൻസികൾ പിന്നീട് അറിയിച്ചു. രാവിലെ 6.05നാണ് ഇൻഡിഗോ 6ഇ 3612 വിമാനം പുറപ്പെടേണ്ടിയിരുന്നത്.

രാവിലെ ഗോ എയർ ജി8 329 വിമാനത്തിൽ ഡൽഹിക്കു പോകേണ്ടിയിരുന്ന സ്ത്രീയാണ് ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ആദ്യം അറിയിച്ചത്. ചില ആളുകളുടെ ഫോട്ടോയും കാണിച്ചു. ഇവർ രാജ്യത്തിനു ഭീഷണിയാണെന്നും സ്ത്രീ ആരോപിച്ചു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി ഇവരെ ചോദ്യം ചെയ്തു. ഇവർ മാനസികമായി വെല്ലുവിളി നേരിടുന്നവരാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.