ശബരിമലയിൽ ബൂട്ട് ധരിച്ച പൊലീസ്; അനുവദിക്കാനാകില്ലെന്ന് ബിജെപി

ശബരിമല ശ്രീകോവിലിന് സമീപത്ത് ബൂട്ട് ധരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർ

ശബരിമല∙ ക്ഷേത്രപരിക്രമത്തിലെ മാളികപ്പുറം മേൽപാലത്തിൽ ബൂട്ടും ബെൽറ്റും ഷീൽഡും ലാത്തിയും ധരിപ്പിച്ചു പൊലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചത് സന്നിധാനത്തിന്റെ പവിത്രത നശിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ. ഇത്തരം ആചാരലംഘനങ്ങൾ അനുവദിക്കാൻ കഴിയില്ല. ലക്ഷക്കണക്കിനു വിശ്വാസികൾ പരമപവിത്രമായി കരുതുന്ന സ്ഥലത്ത് എന്ത് തോന്ന്യാസവും പൊലീസിനു കാണിക്കാമെന്ന അവസ്ഥയാണിത്.

ചോദിക്കാനും പറയാനും ഇവിടെ ആരുമില്ല. ദേവസ്വം ബോർഡ് ഇവിടെ കാഴ്ചക്കാരുടെ റോളിലാണ്. താൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ വ്രതമെടുത്തായിരുന്നു പൊലീസുകാർ ഡ്യൂട്ടിക്ക് എത്തിയിരുന്നത്. അയ്യപ്പ സന്നിധിയിൽ ജോലിനോക്കാൻ കിട്ടുന്ന അവസരം ഭാഗ്യമായിട്ടാണ് അവർ കരുതിയിരുന്നത്. ഇപ്പോൾ അതല്ല. ശബരിമലയുടെ പവിത്രത നശിപ്പിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായേ ഇതിനെ കാണാൻ കഴിയു.

ഇതിനു മുൻപ് ഒരുകാലത്തുപോലും സന്നിധാനത്തിൽ പൊലീസിനെ കയറൂരി വിട്ടിട്ടില്ല. പതിനെട്ടാംപടിയ്ക്കു മുകളിൽ ലാത്തിയും പിടിച്ചു പൊലീസ് നിൽക്കുന്നതു കണ്ടപ്പോൾ വിഷമം തോന്നിയതായും അദ്ദേഹം പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ സംഘം നിലയ്ക്കലിൽ

ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ സംഘം നിലയ്ക്കലിലെത്തി. ഡിവൈഎസ്പി ഐ.ആർ. കുർലോസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു തെളിവെടുക്കുന്നത്.

അന്വേഷണ സംഘത്തിനു മുൻപാകെ മൊഴി കൊടുക്കാൻ എത്തിയ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ .ചിത്രം: എബി കുര്യൻ പനങ്ങാട്ട്

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, കെഎസ്ആർ‌ടിസി, റവന്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. രാവിലെ പന്തളം കൊട്ടാര പ്രതിനിധി നാരായണ വർമയിൽനിന്ന് വിവരങ്ങൾ തേടിയിരുന്നു. നാളെയും മറ്റന്നാളും പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ സംഘം സിറ്റിങ് നടത്തും.