മാധ്യമങ്ങളോടു മിണ്ടാത്ത പ്രധാനമന്ത്രിയായിരുന്നില്ല ഞാൻ: മോദിയെ ഉന്നമിട്ട് മൻമോഹൻ സിങ്

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്

ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം മാത്രമല്ല ധനമന്ത്രി സ്ഥാനവും തനിക്ക് അപ്രതീക്ഷിതമായാണു ലഭിച്ചതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മൻമോഹൻ‌ സിങ്. നിശബ്ദനായ പ്രധാനമന്ത്രിയാണെന്നു വിമർശനമുയർന്നപ്പോഴും താൻ മാധ്യമങ്ങളോടു സംസാരിക്കാതിരുന്നിട്ടില്ലെന്നും മൻമോഹൻ സിങ് പറഞ്ഞു. ഡൽഹിയിൽ ചെയ്ഞ്ചിങ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനൊരു നിശബ്ദനായ പ്രധാനമന്ത്രിയാണെന്നായിരുന്നു ജനങ്ങൾ പറഞ്ഞിരുന്നത്. പക്ഷേ അവർക്കു വേണ്ടിയുള്ളതാണു എന്റെ പുതിയ പുസ്തകം. മാധ്യങ്ങളോടു സംസാരിക്കാൻ പേടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ല ഞാൻ. വിദേശ സന്ദർശന സമയത്ത് വിമാനത്തിലിരുന്നും ലാൻ‌ഡിങ്ങിന് ശേഷവും ഞാൻ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു–അദ്ദേഹം പറഞ്ഞു.

ജീവിതം വലിയ സാഹസവും പരിശ്രമവുമാണ്. അത് ആസ്വദിക്കാൻ സാധിച്ചിട്ടുണ്ട്. ആകുലതകളൊന്നുമില്ല. രാജ്യം എനിക്ക് തന്നത് മടക്കി നൽകാൻ ഒരിക്കലും സാധിക്കില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഇന്ത്യ ലോകത്തെ സൂപ്പർ പവറായി മാറും. ആ ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മൻമോഹൻ സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനങ്ങൾ നടത്താൻ വിമുഖത കാട്ടുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 1,654 ദിവസം പ്രധാനമന്ത്രിയായിരുന്നിട്ടും ഒരു വാർത്താസമ്മേളനം പോലും നടത്തിയില്ലേയെന്ന് രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു. ഹൈദരാബാദിലെ തന്റെ വാർത്താ സമ്മേളനത്തിന്റെ ചിത്രമുള്‍പ്പെടെ സമൂഹമാധ്യമത്തിലിട്ട് കൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ഏതെങ്കിലും ദിവസം വാർത്താ സമ്മേളനം നടത്തി നോക്കാനും രാഹുൽ പ്രധാനമന്ത്രിയെ ഉപദേശിക്കുന്നു.