മോദി പറഞ്ഞ 15 ലക്ഷം കിട്ടും, അൽപാൽപമായി: കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ

കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ (ഫയൽ ചിത്രം)

മുംബൈ ∙ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒാരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ ഇട്ടുതരുമെന്നു പറഞ്ഞ 15 ലക്ഷം രൂപ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കു വിചിത്ര മറുപടിയുമായി കേന്ദ്രമന്ത്രി. 15 ലക്ഷം രൂപ ഒാരോരുത്തരുടെയും അക്കൗണ്ടില്‍ അല്‍പാല്‍പമായി ഇട്ടുതരുമെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയും ആർപിഐ നേതാവുമായ രാംദാസ് അഠാവ്‌ലെ പറ‌ഞ്ഞു.

പണം ഒറ്റയടിക്കു നല്‍കാന്‍ കഴിയില്ല. റിസര്‍വ് ബാങ്കിനോടു പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. അതുകൊണ്ടു ചില സാങ്കേതിക തടസ്സങ്ങളുണ്ടായെന്നും അഠാവ്‌ലെ പറഞ്ഞു. നേരത്തേ, ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്ന് ആരോപിച്ചു ദലിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ വിമർശിച്ച് അഠാവ്‌ലെ രംഗത്തെത്തിയിരുന്നു.

ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ സേനയിൽ അണിചേരൂ... വിദേശ മദ്യം കഴിക്കാം എന്ന രാംദാസ് അഠാവ്‌ലെയുടെ പ്രസ്താവനയും വിവാദത്തിലായി. ഏതൊരാള്‍ക്കും ബീഫ് കഴിക്കാന്‍ അവകാശമുണ്ടെന്നു പറഞ്ഞ് ബിജെപിയെ അഠാവ്‌ലെ വെട്ടിലാക്കിയിരുന്നു.

രാഹുല്‍ ഗാന്ധി ഒരു ദലിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മഹാത്മാ ഗാന്ധിയുടെ സ്വപ്നം സഫലമാക്കണമെന്നു അഠാവ്‌ലെ ആവശ്യപ്പെട്ടതും വിവാദങ്ങളിൽ ഇടം നേടി. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലെന്നാണ് ബിജെപിയുടെ വിശദീകരണം.  ഇതു പ്രതിപക്ഷ പാര്‍ട്ടികളുടെ കെട്ടുകഥ മാത്രമാണെന്നും ബിജെപി കേന്ദ്രങ്ങൾ വിശദീകരണം നൽകിയിരുന്നു.