അയ്യപ്പജ്യോതി: എൻഎസ്എസ് നിലപാട് പരിശോധിക്കണമെന്ന് കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ‌

തിരുവനന്തപുരം ∙അയ്യപ്പജ്യോതി പരിപാടിയെ പിന്തുണയ്ക്കുന്ന എൻഎസ്എസ് നിലപാട് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അയ്യപ്പജ്യോതി നടത്തുന്നത് ആർഎസ്എസിന്റെ ഭാഗമായ സംഘടനയാണ്. എൻഎസ്എസിന്റെ നിലപാട് ആ സംഘടനയെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടുന്നതാണ്. എൻഎസ്എസ് വര്‍ഗീയസംഘടനയുടെ ഭാഗമാകരുതെന്ന് ആഗ്രഹിച്ചവരുടെ വികാരമാണ് താൻ പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി.

മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എൻഎസ്എസ് എന്നു കോടിയേരി ഒാര്‍ക്കണമെന്ന് എൻ‌എസ്എസ് ജനറൽ‌ സെക്രട്ടറി സുകുമാരൻ നായർ നേരത്തേ പറഞ്ഞിരുന്നു. എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. നിരീശ്വരവാദത്തിന് എതിരാണെന്നും സുകുമാരൻ നായർ പറഞ്ഞു. അതിനു മറുപടിയായിട്ടായിരുന്നു കോടിയേരിയുടെ പ്രതികരണം.

എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമം സമുദായംഗങ്ങള്‍ തിരിച്ചറിയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സുകുമാരന്‍ നായര്‍ തയാറാകണം. വനിതാമതിലില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസുകാരാണന്നും കോടിയേരി നേരത്തേ ആരോപിച്ചിരുന്നു.