ഹരിയാന തിരഞ്ഞെടുപ്പ്: ബിജെപിയുടെ 5 മേയർ സ്ഥാനാർഥികളും മുന്നിൽ

പ്രതീകാത്മക ചിത്രം

ഛണ്ഡിഗഡ് ∙ ഹരിയാനയിലെ 5 മുനിസിപ്പൽ കോർപറേഷനിലേക്കും 2 മുനിസിപ്പൽ കമ്മിറ്റികളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ബിജെപിയാണു മുന്നിലെന്നു പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.

കർനാൽ, പാനിപ്പറ്റ് എന്നീ മുനിസിപ്പൽ കോർപറേഷനുകൾ ബിജെപി പിടിച്ചെടുത്തു. ഹിസാർ, റോത്തക്ക്, യമുനാ നഗർ എന്നിവിടങ്ങളിലും ബിജെപിക്കു ലീഡുണ്ട്. അഞ്ചിടത്തും മേയർ പദവിയിലേക്കു ബിജെപി സ്ഥാനാർഥികളാണു ലീഡ് ചെയ്യുന്നത്. ഫത്തേബാദിലെ ജഖൽമണ്ഡി, കൈതാലിലെ പുന്ദ്രി എന്നീ മുനിസിപ്പൽ കമ്മിറ്റികളിലെ വോട്ടെണ്ണലും പുരോഗമിക്കുന്നു.

ജഖൽമണ്ഡിയിൽ 89.5%, പുന്ദ്രിയിൽ 82.1% എന്നിങ്ങനെ കനത്ത പോളിങ് സംഭവിച്ചു. ഹിസാറിൽ 62.7%, കർനാലിൽ 61.8%, പാനിപ്പറ്റിൽ 62%, റോത്തക്കിൽ 62.4%, യമുനനഗറിൽ 65.2% എന്നിങ്ങനെയാണു വോട്ടിങ് ശതമാനം. സംസ്ഥാനത്ത് ആദ്യമായി 5 മുനിസിപ്പൽ കോർപറേഷനിലേക്കു മേയർമാരെ നേരിട്ടു കണ്ടെത്തുന്ന തിരഞ്ഞെടുപ്പാണിത്. ഇത്തവണ നോട്ട (നിരാസ വോട്ട്) സൗകര്യവും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിരുന്നു.