റഫാൽ വിധി: സത്യം കോടതിയെ സ്വതന്ത്രമാക്കും

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് റഫാൽ കേസിൽ സുപ്രീം കോടതിയുടെ വിധി വന്നത്. പരാജയത്തിന്റെ തലക്കെട്ട് വിജയത്തിന്റേതാക്കി മാറ്റാൻ സാധിച്ചു എന്നതാണ് വിധികൊണ്ട് ബിജെപിക്കുണ്ടായ വലിയ പ്രയോജനം. വിധിയെക്കുറിച്ചു പറയാൻ എഴുപതിലേറെ പത്രസമ്മേളനങ്ങളാണ് ബിജെപി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. എന്നിട്ടും വലിയ പ്രയോജനമുണ്ടായില്ല. വിധിയിലെ രണ്ടു വാചകങ്ങളിലെ പിഴവ് അത്രമേൽ ശ്രദ്ധിക്കപ്പെട്ടു, ചർച്ചയുമായി.

കോടതിയിൽ കക്ഷിയല്ലാതിരുന്നിട്ടും വിധിയുടെ വലിയ ആഘാതം കോൺഗ്രസിനായിരുന്നു. എന്നാൽ, വിധിയിലെ തെറ്റുകൾ കോൺഗ്രസിന്റെ സഹായത്തിനെത്തി. അവ ഉയർത്തിപ്പിടിച്ച് സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ശക്തമായി ശബ്ദിക്കാൻ രാഹുൽ ഗാന്ധിക്കു സാധിച്ചു. കോടതി വിധിയുടെ പോരായ്മകൊണ്ടുതന്നെ, റഫാൽ വിഷയം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു. 

ജയ്റ്റ്ലിയുടെ വാദങ്ങൾ

ജെപിസി ഇല്ലെങ്കിൽ പാർലമെന്റ് പ്രവർത്തിക്കില്ലെന്ന പ്രതിപക്ഷ നിലപാടിൽ മാറ്റമില്ല. ജെപിസി എന്നത് രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ നിലപാടെടുക്കുന്ന സംവിധാനമാണെന്നും അതിൽ കാര്യമില്ലെന്നുമാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ വാദം. നേരത്തെ ജെപിസിയെക്കുറിച്ച് ജയ്റ്റ്ലിക്ക് ഇങ്ങനെയൊരു വിമർശനമില്ലായിരുന്നു.  

റഫാൽ വിധി വന്ന ദിവസം പത്രസമ്മേളനത്തിൽ ജയ്റ്റ്ലിയോടു ചോദ്യമുണ്ടായതാണ്, വിധിയിലെ തെറ്റായ വാചകങ്ങളെക്കുറിച്ച്. അതുവരെ എല്ലാ ചോദ്യങ്ങൾക്കും വളരെ വ്യക്തമായ ഉത്തരം നൽകിയ ജയ്റ്റ്ലി, അപ്പോൾ അൽപം പതറി. അഭിഭാഷകർ പരിശോധിച്ച് വേണ്ടതു ചെയ്യുമെന്നു പറഞ്ഞ് അദ്ദേഹം ഉത്തരം അവസാനിപ്പിച്ചു. 

തെറ്റിയ വാചകങ്ങൾ

ആകെ 29 പേജുള്ള വിധിയെക്കുറിച്ച് വ്യക്തിനിഷ്ഠമായ പല അഭിപ്രായങ്ങളും പലർക്കുമുണ്ടാവാം. ഹർജിക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട പല വാദങ്ങളും ലഭ്യമാക്കിയ പല രേഖകളും പരിഗണിച്ചതായി കാണുന്നില്ല, സർക്കാരിന്റെ കുറിപ്പിൽനിന്ന് വെട്ടിയൊട്ടിച്ചതെന്നു തോന്നിക്കുന്ന ഒട്ടേറെ വാചകങ്ങളുണ്ട്, സർക്കാർ പ്രതിരോധത്തിലായ ചില പോയിന്റുകൾപോലും കോടതി കാര്യമായെടുത്തില്ല, എന്നിങ്ങനെ പലതും. 

റഫാലിന്റെ വില വിഷയം സിഎജി പരിശോധിച്ചു, സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു നൽകി, അവരതു പരിശോധിച്ചു, റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപം പാർലമെന്റിൽവച്ചു ഇത്രയും ഉൾക്കൊള്ളിച്ചുള്ള രണ്ടു വാചകങ്ങളാണ് വസ്തുതാപരമായ വലിയ പിഴവായി വിധിയിലുള്ളത്.

സിഎജി റിപ്പോർട്ടിന്റെ ആദ്യ കരട് തയാറായിട്ടേയുള്ളു എന്നാണ് അറിയുന്നത്, അന്തിമ റിപ്പോർട്ട് അടുത്ത മാസം അവസാനത്തോടെ പാർലമെന്റിൽ എത്തുമെന്നും. തെറ്റ് വലിയ വാർത്തയായപ്പോഴാണ്, കഴിഞ്ഞ ശനിയാഴ്ച സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. വിധിയിലെ രണ്ടു വാചകങ്ങൾ തെറ്റാണെന്നും അവ തിരുത്തണമെന്നുമാണ് സർക്കാർ അപേക്ഷിച്ചത്. എങ്ങനെ തിരുത്തണമെന്നു പറയാനും സർക്കാരിനു ധൈര്യമുണ്ടായി. 

തങ്ങൾ നൽകിയ രഹസ്യരേഖയിലെ വാചകങ്ങൾ വിധിയിലേക്ക് എടുത്തെഴുതിയപ്പോൾ കോടതിക്കു തെറ്റി എന്നാണ് സർക്കാരിന്റെ ന്യായം. കോടതിക്ക് അബദ്ധത്തിൽ പറ്റിയ പിഴവായല്ല സർക്കാരതിനെ വിശേഷിപ്പിച്ചത്. കോടതി മിസ്ഇന്റർപ്രട്ട് ചെയ്തു അഥവാ ദുർവ്യാഖ്യാനം ചെയ്തു എന്നാണ് സർക്കാരിന്റെ ആരോപണം.

കോടതി എന്നു പറഞ്ഞാൽ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരുൾപ്പെട്ട ബെ‍ഞ്ചിനെക്കുറിച്ചാണ് സർക്കാരിന്റെ ആരോപണം. ദുർവ്യാഖ്യാനം ചെയ്തു എന്നാണ് ആരോപണമെങ്കിലും, സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ സംഭവിച്ചതാണ് എന്നു വിലയിരുത്തുകയും അത് വിധിയിലെഴുതുകയും ചെയ്തു എന്നതാണ് പ്രത്യക്ഷത്തിൽ കോടതിക്കു പറ്റിയിരിക്കുന്ന തെറ്റ്. തങ്ങൾ ഈസ് എന്ന് എഴുതിക്കൊടുത്തതിനെ വാസ്, ഹാസ് ബീൻ എന്നിങ്ങനെ കോടതി വായിച്ചുവെന്നാണ് സർക്കാർ പക്ഷം. 

തെളിവു കാണാത്ത കോടതി

സുപ്രീം കോടതിയുടെ ഇമേജിനു വലിയ കോട്ടം തട്ടിയ വിധിയെന്നാണ് റഫാൽ ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. വിമാന ഇടപാടിൽ അഴിമതി നടന്നെന്നു കരുതുകയും  സർക്കാരിനെതിരെ വിധിയുണ്ടാവുമെന്നു പ്രതീക്ഷിക്കുകയും ചെയ്തവർ അങ്ങനെ വിലയിരുത്തുക സ്വാഭാവികം. എന്നാൽ, വസ്തുതാപരമായ തെറ്റുകളുള്ള വിധി എന്നതാണ് അതിനേക്കാളൊക്കെ വലിയ പ്രശ്നം. വിധിയിൽ തെറ്റുവരുത്തിയിരിക്കുന്നത് സുപ്രീം കോടതിയാണ്.

ശരിയാണ്, വിധികളിൽ തെറ്റുവന്നാൽ തിരുത്താൻ റിവ്യു ഹർജി, പിഴവു തിരുത്തൽ ഹർജി എന്നിങ്ങനെയുള്ള സംവിധാനങ്ങളുണ്ട്. അവ ഇടയ്ക്കൊക്കെ പ്രയോഗിക്കാറുമുള്ളതാണ്. എന്നാൽ, വിഷയം റഫാലും ഒരു കക്ഷി കേന്ദ്രസർക്കാരുമാണെന്നതും വന്ന പിഴവിന്റെ സ്വഭാവും കണക്കിലെടുക്കുമ്പോഴാണ് പ്രശ്നത്തിന്റെ മാനം മാറുന്നത്. പിഴവു തിരുത്താനും അത് എങ്ങനെ തിരുത്തണമെന്നു പറയാനും സർക്കാർ കാണിച്ച തിടുക്കവും കണക്കിലെടുക്കണം.

സിഎജിയുടെ റിപ്പോർട്ട് പിഎസിക്കു നൽകിയെന്ന് വിധിയിൽ ചീഫ് ജസ്റ്റിസ് ഗൊഗോയ് എഴുതാനുണ്ടായ സാഹചര്യമെന്താണ്? സർക്കാർ നൽകിയ കുറിപ്പ് തെറ്റായി വായിച്ചു അഥവാ ദുർവ്യാഖ്യാനിച്ചു എന്നതു മാത്രമാണോ? ശരി, സർക്കാർ നൽകിയ കുറിപ്പ് മനസ്സിലാക്കുന്നതിൽ പിഴവു പറ്റിയതാണ് എന്നത് വാദത്തിനായി അംഗീകരിക്കാം. അപ്പോഴാണ് അടുത്ത പ്രശ്നം വരുന്നത്. സിഎജിയുടെ ഒരു റിപ്പോർട്ടുണ്ടെന്നും അതു പിഎസിക്കു നൽകിയെന്നും വിധിയിൽ എഴുതുംമുൻപ് ചീഫ് ജസ്റ്റിസ് ഗൊഗോയിക്കും വിധിയിൽ ഒപ്പുവയ്ക്കും മുൻപ് ജസ്റ്റിസ് കൗളിനും ജസ്റ്റിസ് ജോസഫിനും തോന്നിയില്ലേ ആ റിപ്പോർട്ട് ഒന്നു കാണണമെന്ന്?

റഫാൽ കേസ് പരിഗണിക്കുമ്പോൾ, റഫാലിന്റെ വിലയും ഇടപാടിന്റെ നടപടിക്രമങ്ങളും പരിശോധിക്കുമ്പോൾ, കോടതിക്കു തോന്നിയില്ലേ അതെല്ലാം പരിശോധിച്ച സിഎജിയുടെ കണ്ടെത്തൽ എന്തെന്ന് അറിയണമെന്ന്?  സിഎജിയുടെ റിപ്പോർട്ടുണ്ടെന്നും അതു പിഎസിക്കു നൽകിയെന്നും വെട്ടിക്കുറച്ച പരുവത്തിൽ പാർലമെന്റിൽ വച്ചെന്നുമാണ് വിധിയിൽ പറയുന്നത്. സിഎജിയുടെ നിലപാടെന്തെന്നു പറയുന്നില്ല. കോടതി പരിഗണിക്കേണ്ടിയിരുന്ന പ്രസക്തമായ രേഖയല്ലേ സ്വതന്ത്ര സംവിധാനമായ സിഎജിയുടെ നിലപാട്? അങ്ങനെ ആലോചിക്കുമ്പോഴാണ് സർക്കാർ പറഞ്ഞുസ്ഥാപിക്കാൻ ശ്രമിക്കുന്നതുപോലെ രണ്ടോ മൂന്നോ ചെറിയ വാക്കുകളുടെ ദുർവ്യാഖ്യാനത്തിന്റെ പ്രശ്നമല്ല ഉണ്ടായിരിക്കുന്നതെന്ന് കരുതേണ്ടിവരുന്നത്. ദുർവ്യാഖ്യാനിച്ചതാണെന്ന സർക്കാരിന്റെ വാദം സമ്മതിച്ചാൽതന്നെ, എന്തുകൊണ്ട് സിഎജിയുടെ റിപ്പോർട്ട് കാണാൻ താൽപര്യപ്പെടാതെ, ആ റിപ്പോർട്ടിനെക്കുറിച്ചു പരാമർശിക്കാൻ പ്രേരിതരായി എന്ന് കോടതിക്കു പറയേണ്ടിവരും. 

വിമതനും അനഭിമതനും

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തി വാർത്ത സൃഷ്ടിച്ച നാലു സുപ്രീം കോടതി ജഡ്ജിമാരിൽ ഒരാളാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ്. ജഡ്ജിമാർ ഒരുവശത്തും സർക്കാരും ചീഫ് ജസ്റ്റിസ് മിശ്രയും മറുവശത്തുമായി പോര് കൊടുംപിരികൊണ്ടു നിന്ന കാലത്ത്, തർക്കപരിഹാരത്തിനുള്ള വഴികളെക്കുറിച്ച് ജസ്റ്റിസ് ഗൊഗോയിയും ചികിൽസയ്ക്കുശേഷം വിശ്രമത്തിലായിരുന്ന മന്ത്രി ജയ്റ്റ്ലിയും കൂടിയാലോചിച്ചിരുന്നു. ആ അനുനയശ്രമം കാര്യമായി മുന്നോട്ടുപോയില്ല. ജഡ്ജിമാരുടെ തർക്കം പരിഹരിക്കപ്പെടാതെ അവശേഷിച്ചു. നാൽവർ സംഘത്തിലെ ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യൻ ജോസഫും ജസ്റ്റിസ് മദൻ ബി.ലൊക്കൂറും വിരമിച്ചു. ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസായി.

ഒന്നാം കോടതിയിൽ  ‘നോ നോൺസെൻസ്’ ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് ഗൊഗോയിയുടെ പെരുമാറ്റം. ജസ്റ്റിസ് കൗളിനെക്കുറിച്ച് വിവാദ വാർത്തകളില്ല. കേന്ദ്ര സർക്കാരിന്റെ ഏറെ പ്രകടമായ നീരസത്തിനു ശേഷമാണ് ജസ്റ്റിസ് ജോസഫ് സുപ്രീം കോടതി ജഡ്ജിയാവുന്നത്. ഇവരെയാണ് തങ്ങളുടെ വാക്കുകൾ ദുർവ്യാഖ്യാനിച്ചവരായി കേന്ദ്ര സർക്കാർ മുദ്രകുത്തിയിരിക്കുന്നത്. പെട്ടെന്നു വിവാദത്തിൽനിന്നു രക്ഷപ്പെടാൻ സർക്കാർ‌ കാട്ടിയ വിദ്യയാണോ ഈ ആരോപണമെന്നു പറയേണ്ടത് ഇവർ തന്നെയാണ്.

ജനുവരിയിൽ നാലു ജഡ്ജിമാർ പത്രസമ്മേളനം നടത്തിയപ്പോൾ ഉണ്ടായ ഒരു ചോദ്യം ഇതായിരുന്നു: നിങ്ങൾ കാണിക്കുന്നത് അച്ചടക്ക ലംഘനമല്ലേ? ഉത്തരം പറഞ്ഞത് ജസ്റ്റിസ് ഗൊഗോയിയാണ്:‘‘ഞങ്ങൾ അച്ചടക്കം ലംഘിക്കുന്നില്ല. രാജ്യത്തോടുള്ള കടമ നിർവഹിക്കുകയാണ്.’’

റഫാൽ വിധിയിലെ തെറ്റിനെക്കുറിച്ച്, അതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് അവർ നൽകേണ്ട ഉത്തരവും രാജ്യത്തോടുള്ള കടമയാണ്. അതു നിർവഹിക്കുമ്പോൾ ഇപ്പോഴത്തെ കെണിയിൽനിന്നു സുപ്രീം കോടതി സ്വതന്ത്രമാവും.