പ്രളയദുരിതാശ്വാസത്തിന് ഫണ്ടിനായി നെട്ടോട്ടം; സെക്രട്ടേറിയറ്റ് ‘തണുപ്പിക്കാൻ’ 24 ലക്ഷം

തിരുവനന്തപുരം∙ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പരക്കം പായുമ്പോഴും, സെക്രട്ടേറിയറ്റില്‍ ശീതീകരണ യന്ത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലും രണ്ടിലും സ്ഥാപിക്കാന്‍ 24,51,000 രൂപ ചെലവാക്കി 35 യന്ത്രങ്ങളാണ് വാങ്ങുന്നത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഐഎഎസാണ് ഉത്തരവിറക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലേയും രണ്ടിലേയും വിവിധ ഓഫിസുകളില്‍ സ്ഥാപിക്കാനാണു ശീതീകരണ യന്ത്രങ്ങള്‍ വാങ്ങുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 70,000 രൂപയാണ് ഒരു യൂണിറ്റിന്റെ ശരാശരി വില. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ഏഴാം നിലയില്‍ സജ്ജീകരിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ഉപയോഗിക്കാന്‍ 2,48,774 രൂപയ്ക്ക് തേക്ക് തടിയില്‍ നിര്‍മിച്ച 30 കസേരകള്‍ വാങ്ങാന്‍ ഈ മാസം ആറാം തീയതി പൊതുഭരണവകുപ്പ് ഉത്തരവിട്ടിരുന്നു.