ആറാം ദിനവും കാരൾ സംഘം പള്ളിയിൽ തന്നെ; ഡിവൈഎഫ്ഐയില്‍നിന്ന് ഭീഷണിയെന്ന് ആരോപണം

അക്രമത്തിനിരയായവർ പള്ളിയിൽ (ടിവി ദൃശ്യം)

കോട്ടയം∙ പാത്താമുട്ടത്ത് ആക്രമണത്തിനിരയായ കാരൾ സംഘാംഗങ്ങൾ പള്ളിയിൽ അഭയം തേടിയിട്ട് ഇന്നേക്ക് ആറുദിവസം. പുറത്തിറങ്ങിയാൽ ജീവനെടുക്കുമെന്ന അക്രമികളുടെ ഭീഷണി നിലനിൽക്കുന്നതിനാലാണു സ്വന്തം വീട്ടിലേക്കു മടങ്ങാനാകാതെ കുട്ടികൾക്കൊപ്പം അഞ്ചു കുടുംബങ്ങള്‍ പൊലീസ് കാവലിൽ പള്ളിയിൽ കഴിയുന്നത്.

കഴിഞ്ഞ 23നു രാത്രിയാണു സ്ത്രീകളും കുട്ടികളും അടങ്ങിയ കാരൾ സംഘത്തെ പ്രാദേശിക യുവാക്കൾ അടങ്ങിയ സംഘം ആക്രമിച്ചത്. സംഭവത്തിൽ ആറു ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇവർക്കു ജാമ്യം ലഭിച്ചതോടെ ഭീഷണിയേറിയെന്നാണ് ആരോപണം.

അക്രമം നടന്ന പള്ളിയിൽ ആഹാരസാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ (ഇടത്); അക്രമത്തിനിരയായവർ പള്ളിയിൽ (ടിവി ദൃശ്യം)

കാരൾസംഘത്തെ ആക്രമിച്ച സംഘം പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയും അടിച്ചു തകർത്തിരുന്നു. ആക്രമണത്തിൽ ഭയന്ന കുട്ടികളും സ്ത്രീകളും അൾത്താരയ്ക്കുപിന്നിൽ ഒളിക്കേണ്ടി വന്നെന്നും പരാതിക്കാർ പറയുന്നു. കാരൾസംഘത്തിനൊപ്പം കയറി നഗ്നതാ പ്രദർശനം നടത്തിയ അക്രമികളെ ചോദ്യം ചെയ്തതാണു പ്രകോപനത്തിനു കാരണം. ആക്രമണത്തിൽ പള്ളിയിലെ ഉപകരണങ്ങളും നശിപ്പിച്ച സംഘം പരിസരത്തെ നാലു വീടുകൾക്കു നേരെയും ഇരുചക്രവാഹനങ്ങൾ, ഓട്ടോ എന്നിവയ്ക്കു നേരെയും ആക്രമണം നടത്തി.

കഴിക്കാനുള്ള ഭക്ഷണം പോലും നശിപ്പിച്ച സംഘം സ്ത്രീകളുടെ വസ്ത്രവും വലിച്ചു കീറി. ബിടെക് വിദ്യാർഥിനിയായ യമിയ സി. തങ്കച്ചന്റെ മുഖത്തു കല്ലേറിൽ ഗുരുതര പരുക്കേറ്റു. ഭയം മൂലം പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും ശാരീരികമായും അക്രമികൾ ഉപദ്രവിച്ചെന്നും നിറകണ്ണുകളോടെ പെൺകുട്ടികൾ പറഞ്ഞു. ഇക്കാര്യങ്ങൾ പൊലീസിനോടു പലതവണ പറഞ്ഞിട്ടും പരാതികൾ നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. അക്രമം നടന്ന പാത്താമുട്ടം മേഖലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് അക്രമികൾ ഇപ്പോൾ പ്രദേശത്തു വിഹരിക്കുകയാണെന്നും സഭാംഗങ്ങൾക്കു വധഭീഷണിയുണ്ടെന്നും ചർച്ച് കമ്മിറ്റി സെക്രട്ടറി പി.സി. ജോൺസൺ പറഞ്ഞു.

ഇതോടെ പള്ളിയിൽ തന്നെ കഴിയാൻ അക്രമത്തിനിരയാവർ തീരുമാനിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാൻ വേണ്ട സഹായം നൽകണമെന്നാവശ്യപ്പെട്ടു സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.