കൊട്ടാക്കമ്പൂർ ഭൂമി കേസ്: രേഖകളുമായി ജോയ്സ് ജോർജ് എംപി ഹാജരാകണം

ജോയ്സ് ജോർജ് എംപി

ഇടുക്കി∙ കൊട്ടാക്കമ്പൂർ ഭൂമി വിഷയത്തിൽ രേഖകളുമായി ഹാജരാകാൻ ജോയ്സ് ജോർജ് എംപിക്കു ദേവികുളം സബ് കലക്ടറുടെ നോട്ടിസ്. ജനുവരി 10ന് ആണ് ഹാജരാകേണ്ടത്. വിവാദ ഭൂമിയുടെ പട്ടയം റദ്ദു ചെയ്തതിനെതിരെ ജോയ്സ് ജോർജ് ലാൻഡ് റവന്യു കമ്മിഷണർക്കു നൽകിയ അപ്പീലിൽ അവകാശം തെളിയിക്കാൻ കൈവശക്കാരൻ സബ് കല്കടർക്കു മുൻപിൽ നേരിട്ടു ഹാജരാകണമെന്ന് ഉത്തരവായിരുന്നു.

ദേവികുളം മുൻ സബ് കലക്ടർ വി.ആര്‍. പ്രേംകുമാറാണ് ജോയ്സ് ജോർജിന്റെയും ബന്ധുക്കളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ തയാറാകാതിരുന്നതോടെയാണു നടപടിയുണ്ടായത്. നടപടിക്കെതിരെ എംപി പിന്നീട‌ു ജില്ലാ കലക്ടർക്കു പരാതി നൽകി.

എന്നാൽ സബ്കലക്ടറുടെ നടപടി റദ്ദാക്കാൻ ജില്ലാ കലക്ടർ തയാറായില്ല. പകരം നടപടി വീണ്ടും പരിശോധിക്കാനായിരുന്നു ജില്ലാ കലക്ടറുടെ നിർദേശം. ഭൂമിയിടപാടിലെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണർക്കും ജോയ്സ് ജോർജ് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു നേരിട്ടു ഹാജരാകാന്‍ ജോയ്സ് ജോർജിനോട് പുതിയ സബ് കലക്ടർ രേണുരാജ് ആവശ്യപ്പെട്ടത്.