അറിയുക, പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വ്യത്യസ്തം!

ലോകമെമ്പാടുമുള്ള സുരക്ഷാ–പൊലീസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കേരളീയൻ എന്ന നിലയിൽ, ഇക്കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ലജ്ജാവഹവും തികച്ചും അസ്വീകാര്യവുമായി തോന്നി. വികസിത രാജ്യങ്ങളിൽ മാത്രമല്ല, ആഫ്രിക്കയിലും തെക്കേ അമേരിക്കൻ രാജ്യങ്ങളിലും അറബ് മേഖലകളിലുമൊന്നും ഇത്തരം സമ്പ്രദായങ്ങൾ നിലവിലില്ല. ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് യൂണിഫോം ധരിച്ച പൊലീസ്, ഫയർ, ആംബുലൻസ് തുടങ്ങി അവശ്യ സർവീസുകളിലെ അംഗങ്ങളെ ഉദ്യോഗസ്ഥ–രാഷ്ട്രീയ മേലാളന്മാരുടെ ദാസ്യവൃത്തിക്കായി വിനിയോഗിക്കാനാകാത്ത അക്കൗണ്ടബിൾ സംവിധാനങ്ങൾ അവിടങ്ങളിലുണ്ട്. 

ഇന്ത്യയില്‍ പൊലീസ് സംവിധാനം സ്ഥാപിച്ച ബ്രിട്ടനിൽപോലും ഇപ്പോൾ ‘ഓർഡർലി’ സംവിധാനം നിലവിലില്ല. ഔദ്യോഗിക കൃത്യനിർവഹണവേളകളിൽ പൊലീസ് സല്യൂട്ട് തന്നെ നിർത്തലാക്കിയിട്ട് കാലമേറെയായി. ഔപചാരിക (Formal and Ceremonial) സന്ദർഭങ്ങളിൽ മാത്രമാണവിടെ സല്യൂട്ടടി. ഒരു യുഎസ് ജനറലിനോടൊപ്പം ഇറാഖിൽ യാത്രചെയ്തപ്പോൾ സൈനികർ അദ്ദേഹത്തെ സല്യൂട്ടടിക്കുന്നതു കാണാതെ ആശ്ചര്യപ്പെട്ട എന്നോട് അദ്ദേഹം പറഞ്ഞത്, സജീവ പ്രവർത്തന മേഖലകളിൽ സല്യൂട്ട് നിരോധിച്ചിരിക്കുകയാണ് എന്നാണ്. ജോലിയിലും സുരക്ഷയിലുമാണ് നോട്ടമിടേണ്ടത് എന്നർഥം.

1988ൽ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള എസ്പിജിയിൽ ചേർന്നപ്പോൾ എനിക്കു ലഭിച്ച നിർദേശങ്ങളിലൊന്ന് അവിടെ പരസ്പരം സല്യൂട്ടടിക്കേണ്ട എന്നാണ്. ആയിടയ്ക്ക് ഒരു ഞായറാഴ്ച പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഹോബി എന്ന നിലയിൽ കാറിന്റെ ടൂൾസ് കയ്യിലെടുത്ത് വീടിനു പുറത്തെ ഗാരേജിലേക്കു നടക്കുന്നതു കണ്ട് പോർച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പിജിക്കാരൻ ഓടിച്ചെന്നു സഹായിക്കാനൊരുങ്ങി. ഒരു പുഞ്ചിരിയോടെ, ‘താങ്കൾ ജോലിയിൽ ശ്രദ്ധിച്ചാൽ മതി’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നീടു മാറിവന്ന ആറു പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതല വഹിച്ച ഘട്ടങ്ങളിൽ അവരിലാരുംതന്നെ എസ്പിജി ഉദ്യോഗസ്ഥരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചിട്ടില്ല. 

പിന്നീടൊരിക്കൽ യുഎസ് സീക്രട്ട് സർവീസിൽ പരിശീലനത്തിനിടെ, പ്രസിഡന്റ് ബിൽ ക്ലിന്റൻ തന്റെ സുരക്ഷാവലയത്തോടൊപ്പം ഓടാൻ പോകുന്നതു കണ്ടു. തന്റെ സ്പോർട്സ് ബാഗ് സ്വയം എടുത്തുകൊണ്ടു പ്രസിഡന്റ് നടന്നുവരുന്നു! ബാഗെടുക്കാനോ കുട പിടിക്കാനോ ഫയൽ ചുമക്കാനോ സീക്രട്ട് സർവീസ് ഏജന്റ്സ് മെനക്കെടുന്നില്ല. അവരുടെ ശ്രദ്ധ സുരക്ഷയിൽ മാത്രം! ഇതേ തൊഴിൽ സംസ്കാരം തന്നെയാണ് എസ്പിജി പിന്തുടരുന്നത്. ഒരുദ്യോഗസ്ഥനും പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്യാനാകാത്തവിധത്തിലുള്ള സംവിധാനങ്ങൾ അവിടെയുണ്ട്. ഒരു പ്രധാന സവിശേഷത, എസ്പിജി പൊലീസ് അല്ല എന്നുള്ളതാണ്. 

കേരളത്തിലും പൊലീസിനെയും വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരെയും വ്യക്തമായും വേർതിരിച്ചു പ്രത്യേക കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തിൽ കൊണ്ടുവന്നേ മതിയാകൂ. അവർക്കു വ്യക്തമായ പരിഗണനാ വിഷയങ്ങളും പെരുമാറ്റച്ചട്ടവും ഉണ്ടാവുകയും അവ നടപ്പാക്കുകയും വേണം. ഡൽഹിയിൽ അതാകാമെങ്കിൽ എന്തുകൊണ്ടു നമുക്കും ആയിക്കൂടാ? കേരളത്തിൽ ഡിജിപിയും ‘റോ’യുടെ തലവനുമായിരുന്ന, ഹോർമിസ് തരകനെയോ മറ്റോ സർക്കാർ സമീപിച്ചാൽ മൂന്നു മാസത്തിനകം ഇത്തരമൊരു സംവിധാനത്തിന്റെ ചട്ടക്കൂട് തയാറാക്കാനാകും.

ഓർക്കേണ്ട ഒരു സുപ്രധാന കാര്യം പിഎസ്ഒ അഥവാ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥൻ എന്നത് സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനത്തിലെ, അത്യാവശ്യ സന്ദർഭങ്ങളിൽ വിരളമായി  ഉപയോഗിക്കാനുള്ള ഒരു കണ്ണി മാത്രമാണ് എന്നതാണ്. ഡോ. പി.സി.അലക്സാണ്ടർ ലണ്ടനിൽ ഹൈക്കമ്മിഷണർ ആയിരുന്ന കാലത്ത് അദ്ദേഹത്തിനു സിക്ക് ഭീകരവാദികളിൽനിന്നു ഭീഷണിയുണ്ടായി. അദ്ദേഹത്തിന്റെ സുരക്ഷ വിലയിരുത്താനെത്തിയ സ്കോട്‌ലൻഡ് യാഡിലെ ഉദ്യോഗസ്ഥർ മുൻകരുതലുകൾ സംബന്ധിച്ചു കൃത്യമായ നിർദേശങ്ങൾ നൽകിയശേഷം, അദ്ദേഹത്തിന് ഒരു റിമോട്ട് കൺട്രോൾ (പാനിക് ബട്ടൺ) നൽകി. അപകടസാധ്യതയുണ്ടായാൽ അതമർത്തിയാൽ മതി, പൊലീസ് ഇടപെടലുണ്ടാകും. കൂടാതെ, അദ്ദേഹത്തിന്റെ ഡ്രൈവർമാർക്ക് രണ്ടു ദിവസത്തെ പരിശീലനവും നൽകി. വികസിത രാജ്യങ്ങളിലൊന്നുംതന്നെ പ്രധാനമന്ത്രി –പ്രസിഡന്റ് തലത്തിനു താഴേക്ക് സ്ഥിരം സുരക്ഷാ ഉദ്യോഗസ്ഥർ വിരളമാണ്. പലരും മേൽപറഞ്ഞ രീതിയിലുള്ള പാനിക് ബട്ടൺ കൊണ്ടും, സിസിടിവി സംവിധാനങ്ങൾ കൊണ്ടും തൃപ്തിപ്പെടേണ്ടിവരുന്നു.

സുരക്ഷാ സംവിധാനത്തിന്റെ മൂലമന്ത്രം തന്നെ ‘സ്വകാര്യ സുരക്ഷാ ഭീഷണി വിലയിരുത്തൽ’ ആണ്. ആക്രമിക്കപ്പെടാനുള്ള സാധ്യതകളും അതിന്റെ ഭവിഷ്യത്തുകളും കൃത്യമായി വിലയിരുത്തി, ആഘാതം ലഘൂകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും, അവ മതിയാകാതെ വരുന്ന സന്ദർഭങ്ങളിൽ മാത്രം പിഎസ്ഒമാരെ നിയമിക്കുകയും ചെയ്യുന്നു. പലപ്പോഴും അതു നിശ്ചിത കാലത്തേക്കു മാത്രമായിരിക്കും. 

പിഎസ്ഒ യഥാർഥത്തിൽ ഒരു സെക്യൂരിറ്റി കോഓർഡിനേഷൻ ഓഫിസർ അഥവാ സുരക്ഷാ സംയോജകനാണ്. താൻ സംരക്ഷിക്കുന്ന വ്യക്തിക്കു നേരിടുന്ന ഭീഷണികൾ വിലയിരുത്തി ഇന്റലിജൻസുമായി ബന്ധപ്പെട്ട് സന്ദർഭോചിതമായ ഉപദേശങ്ങളും നടപടികളും സ്വീകരിക്കുക, സ്ഥലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക, അത്യാവശ്യ ആശയവിനിമയം നിലനിർത്തുക എന്നിവയാണു പ്രധാന ജോലികൾ. അല്ലാതെ വിഐപിയുടെ പുറകെ നടക്കുക എന്നുള്ളതല്ല! 

അമേരിക്കയിലും യൂറോപ്പിലും കാബിനറ്റ് മന്ത്രിമാർക്കും മറ്റും ഒരു സുരക്ഷാ സംയോജകൻ മാത്രമാണുണ്ടാകുക. പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട ഡ്രൈവറോടൊപ്പം അദ്ദേഹവും അവശ്യസന്ദർഭങ്ങളിൽ യാത്രചെയ്യുന്നു. സ്വിറ്റ്സർലൻഡിലാകട്ടെ, മന്ത്രിമാർക്കു പോലും പിഎസ്ഒമാരില്ല. ന്യൂയോർക്കിലെ മുൻ ഗവർണർ ഒറ്റ സെക്യൂരിറ്റി പോലും കൂടെയില്ലാതെ വിമാനത്താവളത്തിൽ ആരെയോ സ്വീകരിക്കാൻ കാത്തുനിൽക്കുന്നത് ഈയിടെ കാണാനിടയായി.

കേരള മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനം ടിവിയിൽ കാണുമ്പോൾ വ്യക്തമാകുന്ന ഒരു കാര്യം, ഒരുപാടു പൊലീസ് വാഹനങ്ങളും ഒരുപറ്റം പൊലീസുകാരെയും വിന്യസിച്ച് ആൾക്കൂട്ട അന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നതായാണ്. വിഐപിക്കു ചുറ്റും പലതരം സുരക്ഷാ വലയങ്ങൾ സൃഷ്ടിക്കുക വഴി, ഒരാക്രമണം ഉണ്ടാകുന്നപക്ഷം അദ്ദേഹത്തെ ഉടൻ രക്ഷപ്പെടുത്താൻപോലുമാകാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം സുരക്ഷാ വലയങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം കുറയ്ക്കുകയും, അദ്ദേഹത്തിനു ചുറ്റും കൂടിനിൽക്കുന്നതിനു പകരം തങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കുന്ന, പ്രത്യേക പരിശീലനം ലഭിച്ച ഒരു ചെറുവലയം മാത്രം നിലനിർത്തുകയുമാണ് ആവശ്യം. യൂണിഫോമിട്ട ലോക്കൽ പൊലീസുദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അടുത്തെത്താൻ തിരക്കുണ്ടാക്കുന്നതിനുപകരം, അൽപം ദൂരെ മാറി ആക്രമണസാധ്യതകളെ മുന്നിൽക്കണ്ട് കരുതൽ നടപടികൾ സ്വീകരിക്കുകയാണു വേണ്ടത്.

മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ വലുപ്പച്ചെറുപ്പമില്ല. ചെയ്യുന്ന ജോലിയുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും ആത്മാഭിമാനത്തോടെ അതു ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പൊലീസുകാരനും ഡിജിപിയും തമ്മിൽ ഇക്കാര്യത്തിൽ അന്തരമില്ല. ഈ യാഥാർഥ്യമുയർത്തിപ്പിടിക്കുന്ന മാധ്യമങ്ങളെ ശ്ലാഘിക്കുന്നതോടൊപ്പം, കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ രാഷ്ട്രീയ–ഉദ്യോഗസ്ഥ നേതൃത്വം തയാറാകണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.

പൊലീസ് വകുപ്പിൽ ജോലിചെയ്യുന്ന എല്ലാവരും പൊലീസല്ല. ക്യാംപ് ഫോളോവേഴ്സ് അവരുടെ ജോലി ചെയ്തേ പറ്റൂ. ചില സന്ദർഭങ്ങളിൽ അത് ഉദ്യോഗസ്ഥരെ നേരിട്ടു സഹായിക്കാനുമാകാം. എന്നാൽ, അത് എപ്പോൾ ഏതളവുവരെ എന്നത് വ്യക്തമായ മാനദണ്ഡങ്ങളനുസരിച്ചായിരിക്കണം. വികസിത രാജ്യങ്ങളിൽ ഈ സമ്പ്രദായമില്ലെങ്കിലും തുർക്കി, ദക്ഷിണാഫ്രിക്ക, കൊളംബിയ, മെക്സിക്കോ തുടങ്ങി പല രാജ്യങ്ങളിലും തത്തുല്യമായ സംവിധാനങ്ങൾ നിലനിൽക്കുന്നു. എട്ടു മണിക്കൂർ ജോലി ചെയ്തു മടങ്ങുന്നവർക്കില്ലാത്ത ചില സൗകര്യങ്ങൾ, 24 മണിക്കൂറെന്നോണം ക്രമസമാധാനപാലനത്തിലും മറ്റ് അടിയന്തര ചുമതലകളിലും വ്യാപൃതരായിരിക്കുന്നവർക്കു നൽകേണ്ടതുണ്ട്.

(ജനീവ ആസ്ഥാനമായ യുഎൻ മനുഷ്യാവകാശ ആഗോള സുരക്ഷാ ഉപദേഷ്ടാവാണു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം).