ഇത്രയും കൂടി ഉണ്ടായി

അടിയന്തരാവസ്ഥക്കാലത്ത് ഞാനെഴുതിയ ഒരു കഥ – പഴനിയുടെ വഴി – ഈയിടെ ആകാശവാണിയുടെ കൊച്ചി നിലയം ഭാവസാന്ദ്രമായ നാടകമാക്കി അവതരിപ്പിച്ചതു കേട്ടപ്പോൾ ചില പഴയ കാര്യങ്ങളും അത്രയൊന്നും പഴയതല്ലാത്ത ഒരു കൂടിക്കാഴ്ചയും ഓർമ്മ വന്നു.

കോളജിൽ പഠിക്കെ ഞാൻ പാർത്തത് പൊലീസുകാരുടെ കോളനിയിലൊരു വീട്ടിലാണ്. രണ്ടുമൂന്നാണ്ടുകൾ അവരുടെ ജീവിതവുമായി ഇടപഴകി. അന്നുണ്ടായ അനുഭവത്തിൽ നിന്ന് പിറന്നതാണ് ആ കഥ. ധനികയായ ഒരു കുടുംബിനി കൊല്ലപ്പെടുന്നു. വീട്ടുവേലക്കാരായ പളനിയും ഭാര്യയും രണ്ടു കിലോ ആഭരണങ്ങളുമായി തമിഴകത്ത് അറസ്റ്റിലാവുന്നു. പളനിയുടെ ലുങ്കി കൊണ്ട് കഴുത്ത് കുരുക്കിയാണ് കൊല നടത്തിയത്. തിരുടൻ പഴനി എന്നൊരു ചെല്ലപ്പേരുമുണ്ട് പഴനിക്ക്. കുട്ടിയായിരിക്കെ, അമ്മയുടെയും തന്റെയും പട്ടിണി മാറ്റാൻ ഒരു ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് അന്നം കട്ടത് പിടിക്കപ്പെട്ടതിലൂടെ നേടിയതാണ് ആ ബിരുദം.

കൊടുംകുറ്റവാളികളെ അടിയറവും പറയിക്കുന്നവനെന്നറിയപ്പെട്ട നമ്പ്യാരേഡിന്റെ ചുമലിലാണ് അന്വേഷണഭാരം വീണത്. കൂടെ സഹായിയും സുഹൃത്തുമായ പൊതുവാളെന്ന അനുയായിയും ഉണ്ടായിരുന്നു. കുറ്റം പ്രത്യക്ഷത്തിൽ പകൽ വെളിച്ചംപോലെ തെളിഞ്ഞിരുന്നിട്ടും താൻ ആരെയും കൊന്നില്ലെന്ന പല്ലവിയിൽ പഴനി ഉറച്ചുനിന്നു. വാശിക്കാരനായ നമ്പ്യാരേഡിന് ഇതൊരു വെല്ലുവിളിയായി. മൂന്നാം മുറ മുറുകി. പഴനി മരിച്ചുപോയി.

തന്നെ പ്രാണനു തുല്യം സ്നേഹിക്കുന്ന പഴനിയെ ബലി കൊടുത്ത് സ്വയം രക്ഷപ്പെടാൻ കുബുദ്ധിയായ ഗൃഹനാഥൻ രംഗമൊരുക്കിയതാണെന്ന് സംസാരമുണ്ടായിരുന്നു. മറ്റൊരുത്തിയെ വേൾക്കാൻ ഭാര്യയെ അയാൾ ആസൂത്രിതമായി കൊല്ലുകയായിരുന്നുപോലും. തെളിവുകളും ബഹുജന വികാരവും പഴനിക്കെതിരാക്കാൻ അയാൾക്കു സാധിച്ചു. കൊലയായുധം, ഒളിച്ചോട്ടം, തൊണ്ടി മുതലായ സ്വർണം കൈവശം, തിരുടനെന്ന ഓമനപ്പേര് – ഇത്രയൊക്കെ മതിയായി, പഴനിയെ ബലിയാടാക്കാൻ. സ്വർണമൊക്കെ മുതലാളിക്കു തിരികെക്കിട്ടുകയും ചെയ്തല്ലോ!

കേസിന്റെ വിചാരണയ്ക്കും വിധിക്കും മുമ്പ് ഞാൻ ആ കോളനി വിട്ടു. പക്ഷേ, അതിനിടെ നമ്പ്യാരേഡ് ആരോടുമൊന്നുമുരിയാടാതെ വീട്ടിലിരിപ്പായി. വിഷാദരോഗം സ്ഥിരീകരിച്ച് ചികിത്സയിലും അതിനാൽ മെഡിക്കൽ ലീവിലുമായി. തുടരന്വേഷണം പൊതുവാൾ ഏറ്റെടുത്തു.

നിയമപാലകരെക്കാൾ സൂത്രക്കാരായ കുറ്റവാളികൾ കാരണം നിരപരാധികളായ നിഷ്കളങ്കർ കുരുക്കിലാവുന്ന പുതുയുഗത്തിന്റെ തിരനോട്ടം ഭീകരമായി അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തെ ദുരിതങ്ങൾ പഴനിയുടെ കഥ എഴുതാ‍ൻ എനിക്കു പ്രേരണയായി.

ഏതാണ്ടു നാലു വർഷം മുമ്പാണ് കഥാശേഷകാലം. ദക്ഷിണേഷ്യൻ നാടുകളുടെ സാംസ്കാരിക സഹകരണം ലക്ഷ്യമിടുന്ന സാർക്ക് എന്ന സംഘടനയുടെ ഒരു മേളയിൽ ചേരാൻ ഭൂട്ടാനിലെത്തിയതായിരുന്നു ഞാൻ. അവിടെ ഒരു വിരുന്നിൽവെച്ച് അറുപതോളം വയസുള്ള ഒരു ദൃഢകായൻ എന്നെ തിരക്കി വന്നു. ശരീരഭാഷ കൊണ്ട് സേനാംഗമെന്ന എന്റെ ഊഹം ശരിയായി. ശക്തി ഐപിഎസ് എന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. നാട്ടിൽ ഐപിഎസുകാരെ പരിശീലിപ്പിക്കുന്ന സ്ഥാപനത്തിലെ ലാവണത്തിനു ശേഷം അയാൾ ഭൂട്ടാനിലെ നിയമപാലനം നവീകരിക്കാൻ ദത്തെടുക്കപ്പെട്ടിരിക്കയാണ്.

വളച്ചുകെട്ടൊന്നുമില്ലാതെ അയാൾ വിഷയത്തിലേക്കു കടന്നു – ഞാൻ നിങ്ങളുടെ മിക്കവാറും എല്ലാ പുസ്തകങ്ങളും വായിച്ച ഒരാളാണ്. നേരിൽ കാണണം എന്നു കുറച്ചുകാലമായി ആഗ്രഹിക്കുന്നു. പത്തു മിനിറ്റ് എനിക്കു തരാമോ? നിങ്ങളുടെ ഒരു ചെറുകഥ – പഴനിയുടെ വഴി– എനിക്ക് മറക്കവയ്യാത്തതാണ്. വിരോധമില്ലെങ്കിൽ ഞാൻ ആ കഥയുടെ ബാക്കി പറയാം.

പർവതനിരകളുടെ നടുവിലൊരു മൈതാനത്തെ തുറസ്സായ പുൽത്തകിടിയിൽ നനുത്ത പക്ഷിത്തൂവലുകൾപോലെ മഞ്ഞു വീണുതുടങ്ങിയിരുന്നു. അന്തിവെയിൽ അവയിൽ തട്ടുമ്പോൾ ആകാശത്താകെ വൈരത്തിളക്കം. ആ അത്ഭുതം കണ്ടോ എന്തോ അന്തരീക്ഷം വീർപ്പടക്കി നിന്നു. അയാൾ തുടർന്നു – പഴനി കുറ്റക്കാരനല്ലായിരുന്നു. സ്കൂളിലയച്ചു പഠിപ്പിക്കാൻ കഴിവില്ലാത്ത അമ്മയിൽ നിന്ന് സത്യസന്ധതയെന്ന പാഠം നന്നായി പഠിച്ചതാണ് കുഴപ്പമായത്. പരിശോധിക്കാൻ ആരോ വരുന്നെന്നു പറഞ്ഞ് സ്വർണം സ്വന്തം നാട്ടിലെ വീട്ടിൽ ഒളിപ്പിക്കാൻ യജമാനൻ പഴനിയെ ഏൽപിച്ചതാണ്. പോകുമ്പോൾ പെണ്ണിനെയും കൂട്ടിക്കൊള്ളാൻ പറഞ്ഞു. പഴനി അവളെ വിവാഹം ചെയ്തിരുന്നില്ല. ഉപേക്ഷിച്ചു പോയിട്ട് കുറച്ചായെന്നാലും അവൾക്കു വേറെ കെട്ടിയോൻ ഉണ്ടായിരുന്നു. പഴനിയോടൊപ്പം വിചാരണത്തടവിലായ അവൾ പഴനി മരിക്കുമ്പോൾ ഗർഭിണിയായിരുന്നു.

പഴനി ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന പ്രസ്താവം ഇന്നും പൊലീസ് രേഖകളിൽ ശേഷിക്കുന്നു. തുടർന്നു വന്ന അന്വേഷണം പക്ഷേ, യഥാർഥ കുറ്റവാളിയെ പിടികൂടുകതന്നെ ചെയ്തു. അയാളും ഭാര്യയുമായി വഴക്കു പതിവായിരുന്നു എന്നു വേലക്കാരി നൽകിയ മൊഴി വഴിത്തിരിവായി. അയാളുടെ കൈത്തണ്ടിൽ കണ്ട ക്ഷതങ്ങളുടെ ചുവടു പിടിച്ച്. പരേതയുടെ നഖങ്ങളിൽ നിന്നു കണ്ടെടുത്ത രക്തവും തൊലിക്കോശങ്ങളും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയാണ് അയാളെ തളച്ചത്.

ആ കുറ്റവാളിയെ തൂക്കിലിടാൻ വിധിച്ച ദിവസം രണ്ടു സംഭവങ്ങളുണ്ടായി. ആ വാർത്ത അറിഞ്ഞതിനു ശേഷമെന്നാണ് വർ‌ത്തമാനം, നമ്പ്യാരേഡ് കോളനിമുറ്റത്തെ ആലിൻകൊമ്പിൽ തൂങ്ങി മരിച്ചു. ജയിൽ വിമുക്തയായ വേലക്കാരി തെരുവിൽ പ്രസവിച്ചു. ഒരു രാത്രി മുഴുവൻ ചോര വാർന്നു പെരുമഴയത്തു കിടന്നു. ഒരു സന്നദ്ധ സംഘടന കണ്ടെത്തി ആശുപത്രിയിലാക്കി. പക്ഷേ, ഏറെ താമസിയാതെ മരിച്ചുപോയി. കേസന്വേഷിച്ച പൊതുവാൾ അനാഥക്കുഞ്ഞിനെ ദത്തെടുത്തു. തനിക്കു കുട്ടികളില്ലാഞ്ഞു മാത്രമായിരുന്നില്ല അത്.

എന്നിട്ട്, പതിന്നാലും വയസു തികയുന്ന ദിവസം കാര്യങ്ങളുടെ നിജസ്ഥിതി അവനോടു തുറന്നു പറഞ്ഞു. അത്രയുംകൊണ്ടു നിർത്തിയില്ല. നീയൊരു പൊലീസുകാരനാവണം എന്നു നിർദേശിച്ചു. അതും, പൊലീസ് സേനയെ കാലംപോലെ പരിഷ്കരിക്കാൻ കഴിയന്ന ഉയർന്ന റാങ്കുള്ള പൊലീസുകാരനാവണം. ഇനിയൊരു പഴനിക്കും കുടുംബത്തിനും ഈ ഗതി വരില്ല എന്ന് ഉറപ്പു വരുത്താൻ ആവതു ചെയ്യണം.

പാറിവീഴുന്ന മഞ്ഞിൻതൂവലുകൾക്കുപോലും അലമുറയുടെ ഇരമ്പമുണ്ടാക്കാനാവുമെന്നു തെളിഞ്ഞ ചില നിമിഷങ്ങളിലെ ഉൾവിറയാർന്ന മൗനത്തിനുശേഷം അയാൾ തുടർന്നു – ഞാൻ പറയാതെതന്നെ ഒരു കാര്യം നിങ്ങളിപ്പോൾ ശരിയായി ഊഹിച്ചു കാണും – ഈ ശക്തിവേൽ ഐപിഎസ് ആ കുട്ടി തന്നെ എന്ന വസ്തുത.
വീണ്ടുമൊന്നു നിർത്തി, ഇടറുന്ന തൊണ്ട പണിപ്പെട്ടു വൃത്തിയാക്കി – ഇനിയൊരു അപേക്ഷ. കഥയിൽ ഇത്രയും കൂടി ഉണ്ടായെന്ന് അടുത്ത പതിപ്പിൽ ചേർക്കണം. എന്നെപ്പറ്റി കൊട്ടിഘോഷിക്കാനല്ല. അസത്യങ്ങളെല്ലാം കാലം തിരുത്തുമെന്നു ലോകത്തെ ധരിപ്പിക്കാൻ, ആ പാതിക്കഥ വായിച്ച് കണ്ണു നിറഞ്ഞ ആരുടെ സങ്കടവും മുച്ചൂടും പാഴിലായില്ലെന്നറിയിക്കാനും.