തുഴയെറിഞ്ഞ്

പെൺകരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തുഴയെറിഞ്ഞു കുതിക്കുന്ന ഈ എൺപത്തൊൻപതുകാരിയെ പരിചയപ്പെടുത്തുന്നു....

പ്രായാധിക്യം തന്റെ കൈകളിൽ വീഴ്ത്തിയ ചുളിവുകളെക്കാൾ തങ്കമ്മച്ചേച്ചിക്ക് പരിചിതമാണു പൂക്കൈതയാറിലെ ചുഴിയും തെളിച്ചവും. ഇവർ തുഴയുന്ന കടത്തുവഞ്ചിയിലെ യാത്രക്കാർക്ക് ആ കൈക്കരുത്തിലും കരുതലിലുമുള്ള വിശ്വാസവും അടിയുറച്ചത്.

ആലപ്പുഴ, നെടുമുടി, ചെമ്പുംപുറം വഴിയുള്ള യാത്രയ്ക്കിടെയാണ്, കനത്ത വെയിലിൽനിന്നു രക്ഷനേടാൻ കടവിലെ മരത്തണലിൽ വള്ളമൊതുക്കി വിശ്രമിക്കുന്ന തങ്കമ്മയെ കണ്ടത്. കടത്തുകാരനെ കാത്തിരിക്കുന്ന ഏതോ ഒരു പാവം സ്ത്രീയെന്നാണു ആദ്യം തോന്നിയത്. ‘തങ്കമ്മച്ചേച്ചിയേ...’ എന്ന് അക്കരെനിന്നുള്ള വിളിക്ക് പ്രത്യുത്തരം പോലെ തന്റെ കൂനിമടങ്ങിയ നട്ടെല്ലു പോലും വകവയ്ക്കാതെ വള്ളം തുഴഞ്ഞ് അക്കരയ്ക്കു പോകുന്ന കാഴ്ച കണ്ടപ്പോൾ ഞെട്ടി.

കടത്തുകരാറെടുത്തിരിക്കുന്ന ആൾക്കു പകരമായാണു തങ്കമ്മ വള്ളം തുഴയുന്നത്. അനന്തരവൾക്കൊപ്പം താമസിക്കുമ്പോഴും ചായയ്ക്കുള്ള പൈസ അധ്വാനിച്ചുണ്ടാക്കണമെന്നും തങ്കമ്മയ്ക്ക് ആഗ്രഹമുണ്ട്. ഇൗ പ്രായത്തിലും ഇതൊക്കെ പറ്റുമോ എന്ന ചോദ്യത്തിന് ‘പുന്നമടക്കായലിൽ ചുരുളൻ തുഴഞ്ഞു; പിന്നെയാ കടത്തുവള്ളം’ എന്നു പറഞ്ഞു ചിരിച്ച് തുഴയെറിഞ്ഞ് തങ്കമ്മച്ചേച്ചി ഒറ്റപ്പോക്ക്!!!

തങ്കമ്മ

∙ പ്രായം – 89 വയസ്സ്

∙ ജോലി -കടത്തുവള്ളം തുഴച്ചിൽ

∙ ജോലി സമയം - രാവിലെ 7.30 മുതൽ വൈകുന്നേരം അഞ്ചു വരെ

∙ സ്ഥലം- പമ്പയാറിന്റെ കൈവഴിയായ പൂക്കൈത ആറ്

∙ കടവ് -ആലപ്പുഴ, നെടുമുടി, ചെമ്പുംപുറം