ഇതാ, അസാധാരണ കണ്ടുപിടിത്തങ്ങൾ നടത്തിയ സാധാരണക്കാരായ കുറെയാളുകൾ....

കുറഞ്ഞ ചെലവിൽ വൈദ്യുതി തരും കാറ്റാടി യന്ത്രം

നിർമാണം: അവന്റ് ഗാ ഇന്നവേഷൻ, തിരുവനന്തപുരം

ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രത്തിനു രൂപം നൽകിയത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അവന്റ് ഗാ ഇന്നവേഷൻസാണ്. സഹോദരന്മാരായ അനൂപ് ജോർജ്, അരുൺ ജോർജ് എന്നിവരാണ് കമ്പനിക്കു നേതൃത്വം നൽകുന്നത്. പാരീസ് കാലാസ്ഥാമാറ്റ ഉച്ചകോടിയിൽ ബദൽ ഊർജവുമായി ബന്ധപ്പട്ട സെമിനാറിൽ മാതൃക അവതരിപ്പിക്കാൻ കേരളത്തിലെ ഈ യുവ സംരംഭകർക്കു ക്ഷണവും കിട്ടി. 40,000 രൂപ ചെലവിൽ ഒരു കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രമാണ് ഇവർ നിർമിച്ചിരിക്കുന്നത്. മരത്തിന്റെ ഇലകളനങ്ങുന്നപോലുള്ള ചെറുകാറ്റിൽ നിന്നുപോലും വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. കാറ്റാടി വീടുകളുടെ മേൽക്കൂരയിൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

വെട്ടുകാട് പള്ളിയിൽ സ്ഥാപിച്ച കാറ്റാടി യന്ത്രം

ജൈറോസ്കോപിക് ആക്സിയൽ ഫ്ലക്സ് ടർബൈൻ (ഗാഫ്റ്റ്) എന്നു പേരിട്ട കാറ്റാടിയന്ത്രത്തിൽനിന്നു സൗരോർജ വൈദ്യുതി ഉൽപാദനത്തിന്റെ നാലിലൊന്നു ചെലവിൽ വൈദ്യുതിയുണ്ടാക്കാം. നിലവിലെ കാറ്റാടിപ്പാടങ്ങളിൽ ഉപയോഗിക്കുന്നതു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങളാണ്. കിലോവാട്ടിനു മൂന്നുമുതൽ ആറുലക്ഷം വരെയാണ് ഇവയ്ക്കു ചെലവ്.

സാങ്കേതിക പരീക്ഷണങ്ങളിൽ ഫലപ്രദമായി വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നു തെളിയിച്ച് ആദ്യത്തെ യൂണിറ്റ് തിരുവനന്തപുരത്ത് വെട്ടുകാട് പള്ളിയിൽ സ്ഥാപിച്ചു. കെഎസ്ഐഡിസിയുടെ കണ്ണൂർ വ്യവസായകേന്ദ്രത്തിലും യൂണിറ്റ് സ്ഥാപിക്കുന്നുണ്ട്. പേറ്റന്റിനായി അപേക്ഷിച്ചു കഴിഞ്ഞു. അറ്റകുറ്റപ്പണികളില്ലാതെ ദീർഘകാലം ഉപയോഗിക്കാനാകുന്ന വിധത്തിലാണ് നിർമാണം. ഒരു കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടിയന്ത്രങ്ങൾക്കു പരമാവധി ഭാരം 30 കിലോഗ്രാം മാത്രം. വീടുകളുടെ മേൽക്കൂരയിലെ ചെറിയൊരു കോണിൽപോലും യന്ത്രം സ്ഥാപിക്കാം. സെക്കൻഡിൽ 1.5 മീറ്റർ ശക്തിയുള്ള ചെറിയ കാറ്റുണ്ടെങ്കിൽ പോലും യന്ത്രം പ്രവർത്തിച്ചുതുടങ്ങും. സോളർ പാനലിൽനിന്നു വിഭിന്നമായി മഴക്കാലത്തും രാത്രിയിലുമൊക്കെ പ്രവർത്തിക്കുമെന്നതിനാൽ വൈദ്യുതി ലഭ്യത മുടങ്ങില്ല. നേരത്തെ ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടനയുടെ ഗ്ലോബൽ ക്ലീൻടെക് ഇന്നവേഷൻ പ്രോഗ്രാമിലേക്കും അവന്റ് ഗാ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒടിഞ്ഞ അസ്ഥിയെ പൂർവസ്ഥിതിയിലാക്കുന്ന അസ്ഥികോശം

നിർമാണം: ലെസ്‍ലി ക്രോസ്, ശക്തികുളങ്ങര, കൊല്ലം

അമ്മ നൽകിയ വൃക്ക വച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനായി കിടക്കുമ്പോഴാണ് യുവ എൻജനീയറായ ലെസ്‌ലി ക്രോസിന്റെ മനസ്സിൽ ആശയം മുളപൊട്ടിയത്. ‘അസ്ഥികോശം’ നിർമിക്കാൻ കഴിഞ്ഞാൽ ഒടിഞ്ഞ എല്ലുകൾ വളർന്നു പൂർവസ്ഥിതിയിലാകില്ലേ?.. കമ്പിയിടാതെയും മുറിച്ചെടുത്ത അസ്ഥിത്തുണ്ട് വച്ചുപിടിപ്പിക്കാതെയും ഒടിഞ്ഞ അസ്ഥിയെ പൂർവസ്ഥിതിയിലാക്കുന്ന ബയോ സ്കഫോൾഡ് ലെസ്‌ലി എന്ന കണ്ടുപിടിത്തത്തിൽ എത്തിയത് അങ്ങനെയാണ്.

ലെസ്‌ലി ക്രോസ്

കൊല്ലം ശക്തികുളങ്ങര ക്രോസ് വില്ലയിൽ ആൽഫ്രഡ് ക്രോസിന്റെയും ഫ്രീഡയുടെയും മകൻ ലെസ്‌ലി എൻജിനീയറിങ് ബിരുദത്തിനു ടികെഎം കോളജിൽ പഠിക്കുമ്പോഴാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ചികിൽസയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 3ഡി പോറസ് സ്കഫോൾ‍ഡിന്റെ സഹായത്തോടെ അസ്ഥികോശങ്ങൾ നിർമിക്കാൻ കഴിയുമെന്ന അറിവ് ലഭിച്ചത്. പിന്നീട്, എംടെക്കിനു പ്രബന്ധത്തോടൊപ്പമുള്ള പ്രോജക്ട് ആയി അതു തിരഞ്ഞെടുത്തു.

കമ്പി ഇടുന്നതിനും അവ അയയുമ്പോഴും ശരീരം തിരസ്കരിക്കുമ്പോഴും ആവശ്യം കഴിയുമ്പോൾ ഒഴിവാക്കുന്നതിനുമൊക്ക സങ്കീർണമായ ശസ്ത്രക്രിയകളാണു നടത്തുന്നത്. ഇതിനു പകരമായി അസ്ഥികോശം വളരുന്നതിനുള്ള ‘ജൈവവളമാണ്’ ലെസ്‌ലിയുടെ കണ്ടുപിടിത്തം. ഊണും ഉറക്കവുമുപേക്ഷിച്ചു നടത്തിയ 237 പരീക്ഷണങ്ങൾക്കൊടുവിലാണ് ബയോ സ്കഫോൾഡിന്റെ കൂട്ട് (കോമ്പിനേഷൻ) ലെസ്‌ലി കണ്ടെത്തുന്നത്.

അസ്ഥി വളരുന്നതിനു ബയോ മിമെറ്റിക് സ്കഫോൾഡിനെയാണ് മാധ്യമമായി സ്വീകരിച്ചത്. ശരീരത്തിൽ സ്കഫോൾഡ് മോഡലുകളെ സന്നിവേശിപ്പിക്കാൻ 3‍ഡി ബയോപ്രിന്റർ നിർമിച്ചു. എല്ലിൻ കോശങ്ങൾ വളരുന്നതിനു ശരീരത്തിനുള്ളിൽ സന്നിവേശിപ്പിക്കുന്ന സ്കഫോൾഡ് ആവശ്യം കഴിഞ്ഞാൽ ജൈവമാലിന്യമായി മാറും. വീണ്ടും ഒരു ശസ്ത്രക്രിയ ആവശ്യമില്ലാതെ തന്നെ ഇതു സ്വഭാവികമായി ശരീരത്തിൽനിന്നു പുറന്തള്ളപ്പെടും. ചികിൽസാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് ഇതു വഴിതെളിക്കുന്നത്.

അസ്ഥി വളരുന്നതിനുള്ള ജൈവ അസംസ്കൃത വസ്തു (ഹൈഡ്രോക്സി അപ്പറ്റൈറ്റ്) ജർമനിയിൽനിന്നാണ് സംഘടിപ്പിച്ചത്. ഇതിന്റെ പ്രാഥമിക സംസ്കരണം പൂജപ്പുര ശ്രീചിത്തിരതിരുനാൾ ബയോ മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലും പോളിമർ സംസ്കരണം ഐഎസ്ആർഒയിലും നടത്തി. തിരുവനന്തപുരത്തെ മേക്കർ സിറ്റിയിലെ സൗകര്യം ഉപയോഗിച്ചാണ് കസ്റ്റം 3‍ഡി ബയോ പ്രിന്റർ യാഥാർഥ്യമാക്കിയത്. അതിനെ ലെസ്‌ലി ലൈഫ് മേക്കർ എന്നു വിളിച്ചു. എലികളിലായിരുന്നു ആദ്യ പരീക്ഷണം. എലികളുടെ കാൽമുട്ടിനുതാഴെ അസ്ഥി മുറിച്ചുമാറ്റി അവിടെ ബയോ സ്കഫോൾഡ് വച്ചുപിടിപ്പിച്ചു. ഏഴ് ആഴ്ച കഴിഞ്ഞപ്പോൾ ഈ ഭാഗത്തു കോശവളർച്ച 77 ശതമാനമാണെന്നു കണ്ടു. 70 ശതമാനം കഴിഞ്ഞാൽ പരീക്ഷണം വിജയമാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുകയെന്നു ലെസ്‌ലി പറയുന്നു.

ബയോ സ്കഫോൾഡ് ശരീരത്തിൽ സന്നിവേശിപ്പിച്ചാൽ ഒരു മാസത്തിനുള്ളിൽ അസ്ഥി പൂർവസ്ഥിതിയിലാകുമെന്നാണ് ലെസ്‌ലിയുടെ കണ്ടെത്തലിന്റെ കാതൽ. ഇന്റർനാഷനൽ ജേണൽ ഓഫ് മെറ്റീരിയൽ സയൻസിൽ ലെസ്‌ലിയുടെ ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ടുപിടിത്തത്തിനു പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് ലെസ്‌ലി ഇപ്പോൾ.

മുംബൈ ഐഐടിയിൽ കേന്ദ്ര സർക്കാർ സഹായത്തോടെ ബോൺ ടിഷ്യൂ എൻജിനീയറിങ് എന്ന വിഷയത്തിൽ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തു. റിസർച് പ്രോജക്ടിന്റെ ഭാഗമായി കൂടുതൽ പരീക്ഷണം നടത്തി ബയോ സ്കഫോൾഡിന്റെ വാണിജ്യ സാധ്യതകൾ തുറക്കാനും ഈ ഇരുപത്താറുകാരൻ ലക്ഷ്യമിടുന്നു. മൂന്നുമുതൽ അഞ്ചുവർഷം വരെ കൊണ്ട് ഇതു പൂർത്തിയാക്കാനാവും.

പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഇഷ്ടിക, ഊർജസംരക്ഷണ യന്ത്രങ്ങൾ, വികലാംഗർക്കുള്ള ‘തല’മൗസ്

നിർമാണം: കെ.സി. ബൈജു, പട്ടണക്കാട്

ഊർജ സംരക്ഷണത്തിനായി അനവധി കണ്ടുപിടിത്തങ്ങൾ നടത്തിയയാളാണ് പട്ടണക്കാട് പഞ്ചായത്ത് മേനാശേരി വിസ്മയം (വടക്കേകളരിക്കൽ) വീട്ടിൽ കെ.സി. ബൈജു. ഇപ്പോൾ കെഎസ്ഇബിയുടെ അരൂർ ആർഎപിഡിആർപി സെക്‌ഷനിൽ സബ് എൻജിനീയറാണ്.

കെ.സി. ബൈജു

പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഇഷ്ടിക, വൈദ്യുത കമ്പികൾ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാനായുള്ള എൽസാം, വൈദ്യുത ദീപങ്ങളുടെ ഊർജ സംരക്ഷണ സാങ്കേതികവിദ്യയായ അസാലെസ്റ്റ്, വൈദ്യുതി സാന്നിധ്യം മുൻകൂട്ടി അറിയിച്ച് വൈദ്യുത അപകടം ഒഴിവാക്കുന്ന സ്മാർട് ഹെൽമെറ്റ്, വികലാംഗർക്കുൾപ്പെടെ മൗസിനു പകരം തലകൊണ്ടു കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ക്യാച്ച്, ഊർജ സംരക്ഷണത്തിനായുള്ള ‘ട്രാവൽമേറ്റ് മൈക്രോ വിൻഡ് ഡ്രിവൺ ഡിവൈസ് ചാർജർ’, തുടങ്ങിയ ഒട്ടേറ ഉപകരണങ്ങൾക്കാണ് ബൈജു രൂപം കൊടുത്തത്. അനവധി പുരസ്കാരങ്ങളും ലഭിച്ചു.

മൈക്രോ-റോബട്ട്, വയർലെസ് ഇലക്‌ട്രോണിക്‌ വോട്ടിങ് മെഷീൻ

നിർമാണം: എം.ജി. ഗിരീശൻ, കായംകുളം

നൂറിലേറെ കണ്ടുപിടിത്തങ്ങളുമായി ലിംക ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ ആളാണ് കായംകുളം ചേരാവള്ളി പന്തപ്ലാവിൽ എം.ജി. ഗിരീശൻ. ചെറിയ ഇലക്‌ട്രോണിക്‌ മെഷീനുകൾ വൃത്തിയാക്കുന്നതിനുള്ള രണ്ടു സെന്റീമീറ്റർ വലുപ്പമുള്ള മൈക്രോ-റോബട്, വയർലെസ് ഇലക്‌ട്രോണിക്‌ വോട്ടിങ് മെഷീൻ എന്നിങ്ങനെ വൈവിധ്യമാർന്ന കണ്ടുപിടിത്തങ്ങളാണ് ഗിരീശന്റേത്. പോളിങ് ബൂത്ത് കയ്യേറി വോട്ടിങ് മെഷീനുകൾ നശിപ്പിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതാണ് വോട്ടിങ് മെഷീൻ നശിപ്പിച്ചാലും ചെയ്‌ത വോട്ടുകൾ കണ്ടുപിടിക്കാൻ കഴിയുന്ന സംവിധാനം കണ്ടുപിടിക്കാൻ കാരണം.

എം.ജി. ഗിരീശൻ

ഹെൽമറ്റ് ആരെങ്കിലും മോഷ്‌ടിച്ചാൽ മൊബൈലിലേക്ക് സിഗ്നൽ ലഭിക്കും. യഥാർഥ ആളല്ല ഹെൽമറ്റ് ഉപയോഗിക്കുന്നതെങ്കിൽ വൈബ്രേഷൻ, ഷോക്ക് എന്നിവയുമുണ്ടാകും.

വിദ്യാർഥികളെ മാതാപിതാക്കൾക്കും അധ്യാപകർക്കും മാത്രം വിളിക്കാൻ കഴിയുന്ന മൊബൈൽ ഫോൺ, സിനിമാ തിയറ്ററുകളിൽനിന്നു ക്യാമറ ഉപയോഗിച്ച് വിഡിയോ എടുക്കുന്നത് തടയുന്ന ഉപകരണം, മൊബൈൽ ഫോൺ ഉപയോഗിച്ച് പുറത്തുനിന്നു കാർ സ്‌റ്റാർട്ടാക്കാനും ഇൻഡിക്കേറ്ററുകളും ലൈറ്റുകളും പ്രവർത്തിപ്പിക്കാനും കഴിയുന്ന സംവിധാനം, ആളില്ലാ ലവൽക്രോസുകളിൽ സ്വയം പ്രവർത്തിക്കുന്ന ഗേറ്റ്, ഇലക്‌ട്രോണിക്‌ ആർസി ബുക്ക്, നാണയം ഉപയോഗിച്ചുള്ള ഇന്റർനെറ്റ് കഫേ, ഇലക്‌ട്രോണിക്‌ നമ്പർ പ്ലേറ്റ്, എയർപോർട് ടാക്‌സി മാനേജ്‌മെന്റ് സംവിധാനം, വയർലെസ് മൊബൈൽ ഫോൺ ചാർജർ എന്നിവ ഗിരീശൻ കണ്ടുപിടിച്ചവയിൽ ഉൾപ്പെടുന്നു.

ഭൂകമ്പം മുൻകൂട്ടി അറിയാനുള്ള യന്ത്രം

നിർമാണം: ഋഷികേശ്, മുഹമ്മ

ഭൂകമ്പം മുൻകൂട്ടിയറിയാനുള്ള ഉപകരണമടക്കം അനവധി കണ്ടുപിടിത്തങ്ങൾ നടത്തിയയാളാണ് മുഹമ്മ ചിറയിൽ വീട്ടിൽ ഋഷികേശ്. യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനമാണ് ഡിജിറ്റൽ ഇൻഫർമേഷൻ ട്രാൻസ്‌മിറ്റർ എന്ന പേരിൽ കണ്ടെത്തിയ മറ്റൊരു ഉപകരണം. വാഹനത്തിൽ ഈ ഉപകരണം ഘടിപ്പിച്ചാൽ വാഹനം കടന്നുപോകുന്ന വഴിയിലെ ഹംപുകൾ, വളവുകൾ, സ്‌കൂളുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഡ്രൈവർക്കു ലഭിക്കും.

ഋഷികേശ്

11 കെവി ലൈനിൽ വൈദ്യുതി പ്രസരിക്കുന്നുണ്ടോ എന്നു നിലത്തുനിന്ന് അറിയാൻ സാധിക്കുന്ന ഉപകരണവും കണ്ടുപിടിച്ചിരുന്നു. വാഹനത്തിനുള്ളിൽ പ്രവർത്തിക്കുന്ന ശീതീകരണിയിൽനിന്നു പുറപ്പെടുന്ന ഈർപ്പം മറ്റ് ഉപകരണങ്ങളെ ബാധിക്കാതെ തടയുന്ന ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഓഡിയോ ടെലിസ്കോപ്

നിർമാണം: വി.ശ്രീകുമാർ, കൊല്ലം

നക്ഷത്രങ്ങൾ, ചന്ദ്രൻ തുടങ്ങി അതിവിദൂരതയിൽ കാണുന്ന ഒബ്ജക്ടിനോടു ‘സംസാരിക്കാൻ’ കഴിയുന്ന ഓഡിയോ ടെലിസ്കോപ്പിന്റെ അവസാനഘട്ട പണിപ്പുരയിലാണ് സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസത്തിലൂടെ മൂന്നുവർഷം മുൻപു പത്താം ക്ലാസ് വിജയിച്ച വി. ശ്രീകുമാർ. എട്ടുവർഷം മുൻപു തുടങ്ങിയ പരീക്ഷണം ഇപ്പോൾ ഐഎസ്ആർഒയുടെ സഹായത്തിന്റെ വക്കിൽ എത്തിനിൽക്കുന്നു.

വി. ശ്രീകുമാർ

ഏഴു സർക്യൂട്ടുകൾ അടങ്ങിയ യൂണിറ്റ് ഉപയോഗിച്ച് ഒബ്ജക്ടിലേക്ക് ശബ്ദതരംഗങ്ങൾ അയച്ചാണ് ആശയ വിനിമയം. ജീവന്റെ നിലനിൽപ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാം എന്നാണ് തിയറി. ബൂമറാങ് പോലെ പുറപ്പെടുന്ന സ്ഥലത്തു തന്നെ ശബ്ദതരംഗം തിരിച്ചെത്തുന്ന വിദ്യ. ഒരു മിനിറ്റിനുള്ളിൽ മറുപടി ലഭിക്കും. 2006ൽ സമാനരീതിയിലുള്ള റേഡിയോ സിഗ്നൽ പരീക്ഷണത്തിൽ നിന്നാണ് ഓഡിയോ ടെലിസ്കോപ്പിലേക്കു ചിന്ത വഴിതിരിച്ചു വിട്ടത്. റേഡിയോ ശബ്ദതരംഗം തിരിച്ചെത്താൻ ഒൻപതുമാസം വേണ്ടിവന്നു. ഏതാനും വർഷം മുൻപു ശ്രീകുമാർ കണ്ടുപിടിച്ച ഇലക്ട്രിക് ട്രെയിൻ എൻജിന്റെ മോഡലും ശ്രദ്ധിക്കപ്പെട്ടു.

ഏഴാം ക്ലാസിൽ പഠനം മുടങ്ങിയ കൊല്ലം ബീച്ച് റോഡ് കന്റോൺമെന്റ് വിജയവിലാസത്തിൽ വി. ശ്രീകുമാർ (44) മൂന്നു വർഷം മുൻപാണ് സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് വിജയിച്ചത്. കാർ സ്റ്റീരിയോ സ്ഥാപിക്കുന്നതാണ് ഈ പത്താം ക്ലാസ് എൻജിനീയറുടെ ഉപജീവന മാർഗം.

നാടൻ കൊയ്ത്തുയന്ത്രം, ലെമൺ കട്ടർ...

നിർമാണം: എം. സദാശിവൻ, പെരുമാട്ടി

പെരുമാട്ടി കല്യാണപേട്ട സ്വദേശി എം. സദാശിവന്റെ ഓരോ കണ്ടുപിടിത്തങ്ങളുടെ പിന്നിലും ഓരോ ആവശ്യമുണ്ടായിരുന്നു. സ്വന്തം പാടത്ത് കൊയ്യാൻ ആളെ കിട്ടാതായപ്പോഴാണ് വീട്ടിൽ വെറുതെ കിടന്ന പഴയ കാളവണ്ടി ചക്രങ്ങളും ഇരുമ്പും മൂർച്ചയുള്ള ബ്ലേഡും കൊണ്ട് കൊയ്ത്തുയന്ത്രമുണ്ടാക്കിയത്. 10 പേർ ഒരുദിവസം കൊണ്ട് ചെയ്യേണ്ട പണി യന്ത്രം രണ്ടുമണിക്കൂർ കൊണ്ടു ചെയ്തുതീർക്കും. യന്ത്രം പാടത്തുകൂടി വെറുതെ തള്ളിക്കൊണ്ടു പോയാൽ മതി, രണ്ടായിരം രൂപയിൽ താഴെയാണ് നിർമാണ ചെലവ്. പിന്നീട് ഈ യന്ത്രം നാട്ടുകാരും ഉപയോഗിച്ചു തുടങ്ങി.

എം. സദാശിവൻ

പാടത്തെ കളകൾ പറിക്കാനും സദാശിവൻ യന്ത്രം കണ്ടുപിടിച്ചു. എളുപ്പത്തിൽ തേങ്ങ ചിരകാനുള്ള കോക്കനട്ട് സ്ക്രാപ്പറായിരുന്നു അടുത്ത കണ്ടെത്തൽ. അടുക്കളയിൽ ഭാര്യയുടെ സഹായത്തിനായി നിർമിച്ച ആ യന്ത്രം നാട്ടുകാർക്കും സദാശിവൻ നിർമിച്ചു നൽകുന്നു. മോട്ടോർ, ഇരുമ്പു പൈപ്പുകൾ, ചെറിയ ട്രാൻസ്ഫോമർ എന്നിവ ഉപയോഗിച്ചു നിർമിക്കുന്ന യന്ത്രത്തിന് ആയിരം രൂപയിൽ താഴെയാണു ചെലവ്. കൂട്ടുകാരനു ജ്യൂസ് കടയിൽ ഉപയോഗിക്കാൻ വേണ്ടിയാണ് ലെമൺ കട്ടർ നിർമിച്ചത്. രണ്ടു മിനിറ്റുകൊണ്ട് ഒരു കിലോ നാരങ്ങവരെ യന്ത്രത്തിൽ മുറിച്ചെടുക്കാമെന്നു സദാശിവൻ അവകാശപ്പെടുന്നു.

കാടുവെട്ടാനുള്ള വീഡർ യന്ത്രമാണ് മറ്റെ‍ാരു കണ്ടുപിടിത്തം. പെരുമാട്ടി പഞ്ചായത്തും ഈ യന്ത്രം സദാശിവനിൽനിന്നു വാങ്ങി. സാങ്കേതിക വിദ്യാഭ്യാസമോ മുൻപരിചയമോ ഒന്നുമില്ലെങ്കിലും കർഷകനായ സദാശിവന്റെ കണ്ടുപിടിത്തങ്ങൾ നാട്ടിൽ ഹിറ്റാവുകയാണ്.

പാടത്തുനിന്ന് കളപറിക്കാനുള്ള യന്ത്രം

നിർമാണം: മഹേഷ്, രാജകുമാരി

എത്ര നിരതെറ്റി ഞാറുനട്ട പാടത്താണെങ്കിലും കളപറിക്കൽ എളുപ്പമാക്കും മഹേഷിന്റെ ഈ യന്ത്രം. െവറും 850 രൂപയ്ക്കാണ് ലൂപ് വീഡർ എന്ന യന്ത്രം മഹേഷ് നിർമിച്ചത്. ഇടുക്കി രാജകുമാരി വാരിക്കാട്ട് മഹേഷാണ് തൊഴിലാളിക്ഷാമം മൂലം നട്ടംതിരിയുന്ന നെൽക്കർഷകർക്കു താങ്ങായി സ്വന്തമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ലഘുയന്ത്രം കണ്ടുപിടിച്ചത്. ലൂപ് വീഡർ എന്നുപേരു നൽകിയ ഇൗ യന്ത്രം നെൽച്ചെടികൾക്കിടയിലൂടെ ഓടി കളകൾ പിഴുതു ചെളിയിൽ താഴ്ത്തിക്കളയും. ഇരുമ്പു ചക്രത്തിലുള്ള ചെറിയ തൊങ്ങലുകളാണ് കളകൾ പറിക്കാനും അതു ചെളിയിൽ താഴ്ത്താനും സഹായിക്കുന്നത്. നെൽപ്പാടത്തെ കളകൾ നശിപ്പിക്കുവാൻ ക്രോണോ വീഡർ എന്ന യന്ത്രം നിലവിലുണ്ടെങ്കിലും നിരതെറ്റി ഞാറുനട്ട പാടത്ത് ഇത് അപ്രായോഗികമാണ്. എന്നാൽ മഹേഷിന്റെ ലൂപ് വീഡർ ഇൗ പോരായ്മകളില്ലാത്തതാണ്.

മഹേഷ്

രാജകുമാരി ഗ്രാമപഞ്ചായത്തിലെ മികച്ച യുവകർഷക അവാർഡ് ജേതാവായ മഹേഷ് ഒരേക്കർ പാടത്ത് ജൈവരീതിയിൽ നെൽക്കൃഷി ചെയ്യുന്നു. അച്ഛൻ സുകുമാരനും അമ്മ പത്മിനിയും മഹേഷിന്റെ കൃഷിക്കും കാർ‌ഷികരംഗത്തെ പരീക്ഷണങ്ങൾക്കും പിന്തുണ നൽകി കൂടെയുണ്ട്. ഭാരം കുറഞ്ഞ ലൂപ് വീഡറിന്റെ കണ്ടുപിടിത്തം നെൽക്കൃഷിക്കു പുതിയ ഉൗർജം പകരുന്നതാണെന്നു തിരിച്ചറിഞ്ഞ് ആത്മ അരലക്ഷം രൂപയുടെ സഹായം മഹേഷിനു നൽകിയിരുന്നു. ട്രില്ലറിൽവച്ചു തന്നെ നെല്ലു മെതിക്കാനുള്ള സംവിധാനം പരീക്ഷിക്കുകയാണ് ഇപ്പോൾ മഹേഷ്.

കാട്ടാനകളെയും നായ്ക്കളെയും തുരത്താനുള്ള യന്ത്രങ്ങൾ

നിർമാണം: എ.ആർ. രഞ്ജിത്ത്, കോന്നി

നാട്ടിലെ കാർഷികവിളകൾക്കു ഭീഷണിയാവുന്ന കാട്ടാനകളെ തുരത്താനുള്ള യന്ത്രം പത്തനംതിട്ട കോന്നി മുരിങ്ങമംഗലം അങ്ങാടിയിൽ എ.ആർ. രഞ്ജിത്തിന്റേതാണ്. കടുവകളുടെയും തേനീച്ചകളുടെയും ഇൻഫ്രാ സോണിക് ശബ്ദം ഉപയോഗപ്പെടുത്തിയുള്ളതാണ് രഞ്ജിത്തിന്റെ യന്ത്രം. സംഗതി വെറുതെയല്ലെന്നു കണ്ട് വനംവകുപ്പ് ശബരിമല, മറയൂർ, ആറളം തുടങ്ങിയിടങ്ങളിൽ യന്ത്രം കഴിഞ്ഞവർഷം സ്ഥാപിച്ചു കഴിഞ്ഞു.

എ.ആർ. രഞ്ജിത്

ആനകളെക്കാൾ പ്രശ്നം നായ്ക്കളാണെന്നു കണ്ട് രഞ്ജിത് നായ്ക്കളെ തുരത്താനുള്ള യന്ത്രവും വികസിപ്പിച്ചിട്ടുണ്ട്. അൾട്രാസോണിക് സൗണ്ട് പുറപ്പെടുവിക്കുന്ന ഉപകരണമാണ് നായ്ക്കളെ തുരത്താനുള്ളത്. മനുഷ്യനു കേൾക്കാൻ കഴിയാത്ത, 20,000 ഹെട്സിനു മുകളിലുള്ള അൾട്രാസോണിക് ശബ്ദമാണ് പുതിയ യന്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 40,000 ഹെട്സ് വരെയുള്ള ശബ്ദം 110 മുതൽ 130 വരെ ഡെസിബെൽ തീവ്രതയിലാണ് ഇതിൽ കേൾപ്പിക്കുക.

നിയമപരമായ പ്രശ്നങ്ങൾ വന്നാലോ എന്ന് ആശങ്കയുള്ളതിനാൽ ഇത് ഇതുവരെ എവിടെയും സ്ഥാപിച്ചിട്ടില്ല. ലൈസൻസ് എടുക്കാനുള്ള ശ്രമത്തിലുമാണ്. എങ്കിലും ചില റസിഡന്റ്സ് അസോസിയേഷനുകളും മറ്റും ഇപ്പോൾത്തന്നെ രഞ്ജിത്തിനോട് ആവശ്യമറിയിച്ചിട്ടുണ്ട്. തെരുവുനായ്ക്കൾ തമ്പടിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഈ യന്ത്രം പ്രവർത്തിപ്പിച്ചാൽ നായ്ക്കൾക്കു ശബ്ദശല്യം കൊണ്ട് സ്ഥലത്തു നിൽക്കാൻ കഴിയില്ലെന്നാണ് രഞ്ജിത് പരീക്ഷിച്ചു കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ വൈദ്യുതി മതി. സോളർ പാനൽ ഘടിപ്പിച്ചും പ്രവർത്തിപ്പിക്കാം.

കൊമ്പുള്ള മരത്തിൽ കയറാനുള്ള യന്ത്രം

നിർമാണം: തോമസ്, എബിൻ, വയനാട്

കൊമ്പുള്ളതോ ഇല്ലാത്തതോ ആയ ഏതുമരത്തിലും ആർക്കും കയറാവുന്ന ഉപകരണമാണ് വയനാട് പുത്തൂർവയൽ പുളിക്കയത്ത് തോമസും മകൻ എബിനും കണ്ടെത്തിയിരിക്കുന്നത്. തെങ്ങിലോ കമുകിലോ മാത്രമല്ല ഏതുമരത്തിലും കയറാം. യന്ത്രത്തിന്റെ ഇരിപ്പിടത്തിൽ ഇരുന്നു മരത്തിന്റെ കൊമ്പുകൾ വെട്ടുകയോ മറ്റു ജോലികൾ ചെയ്യുകയോ ആവാം. സുരക്ഷാ ബെൽറ്റുള്ളതിനാൽ അപകടഭീഷണിയും ഇല്ല.

എബിൻ

മരത്തിന്റെ വണ്ണത്തിനനുസരിച്ച് യന്ത്രത്തിലെ കേബിളുകളുടെ നീളം ക്രമീകരിച്ചാണ് യന്ത്രം നിർമിച്ചിരിക്കുന്നത്. മരത്തിൽ ശരിക്കും അള്ളിപ്പിടിച്ചിരിക്കും. പണി കഴിഞ്ഞാൽ ബാഗിലാക്കി കൊണ്ടുനടക്കാവുന്ന ഈ ഉപകരണത്തിനു നാലരക്കിലോ മാത്രമാണ് തൂക്കം. നേരത്തെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി വീടിനുമുന്നിൽ കെട്ടിത്തുക്കി സ്ട്രോബറിക്കൃഷി ചെയ്തും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

ഏലക്ക സംസ്കരണ യന്ത്രങ്ങൾ

നിർമാണം: നിരപ്പേൽ തോമസ്, കട്ടപ്പന

ഏലം കഴുകാനും ഏലത്തിന്റെ പൂവ് കളയാനും ഇടുക്കി പുളിയന്മല നിരപ്പേൽ തോമസിന്റെ കൃഷിയിടത്തിൽ പ്രത്യേക ജോലിക്കാർ ആവശ്യമില്ല. എല്ലാം യന്തിരൻ ചെയ്തുകൊള്ളും! ഏലക്കായുടെ സംസ്കരണത്തിനുപയോഗിക്കുന്ന രണ്ടു യന്ത്രങ്ങളാണ് ഈ കർഷകൻ രൂപകൽപന ചെയ്തിരിക്കുന്നത്.

നിരപ്പേൽ തോമസ്

ഏലത്തോട്ടത്തിൽനിന്നു വിളവെടുക്കുന്ന ഏലക്കായുടെ പൂവ് കളയുന്നതുൾപ്പെടെയുള്ള ജോലികൾ തൊഴിലാളികൾ ചെയ്യണമായിരുന്നു. ഇതിനുപകരം കറങ്ങുന്ന മെഷീനിനുള്ളിൽ അരിപ്പ നിർമിച്ചു യന്ത്രമുണ്ടാക്കി. ഏലക്കാ തേക്കുകയെന്നതായിരുന്നു ഇതിനു തൊഴിലാളികൾ നൽകിയ പേര്. ഏലക്കാ തേപ്പ് മെഷീൻ എന്ന പേരിൽ തോമസ് ആദ്യമായി നിർമിച്ച ഉദ്യമത്തിന് സ്പൈസസ് ബോർഡ് ഉപഹാരം നൽകുകയും ആദരിക്കുകയും ചെയ്തു. പിന്നീടു പുതിയ പരീക്ഷണത്തിലൂടെ കാർഡമം വാഷിങ് മെഷീനും തോമസ് നിർമിച്ചു. ഏലം മേഖലയിൽ ആദ്യമാണ് ഇത്തരമൊരു പരീക്ഷണം. രണ്ടുമിനിറ്റ് കൊണ്ട് 100 കിലോ ഏലക്കായ് ഇതിനകത്തു കഴുകിയെടുക്കാൻ കഴിയും. തൊഴിലാളികൾ ഏലക്കാ സാധാരണ ചവിട്ടിക്കഴുകിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ തോമസിന്റെ യന്ത്രത്തിലൂടെ മനുഷ്യാധ്വാനമില്ലാതെ തന്നെ ഏറ്റവും വൃത്തിയായി കായ് കഴുകിയെടുക്കാനാകും.

പുളിയൻമലയിൽ ഏലം കൃഷിയുമായി കഴിയുന്ന തോമസിനു ചെറുപ്പം മുതൽ തന്നെ ചെറുകിട കണ്ടുപിടിത്തങ്ങളോട് താൽപര്യമുണ്ടായിരുന്നു. ഇതിനാലാണ് ഏലം മേഖലയിൽ തന്നെ ഉപയോഗിക്കാൻ കഴിയുന്ന യന്ത്രങ്ങൾ നിർമിക്കാമെന്ന് ഇദ്ദേഹം തീരുമാനിച്ചത്. ഏലം കർഷകർക്ക് ഉപയോഗിക്കാൻ കഴിയുന്ന രണ്ടു യന്ത്രങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ ഇദ്ദേഹം സ്പൈസസ് ബോർഡിന്റെ പ്രശംസയും നേട‌ി. കാർഷിക ഉപകരണങ്ങൾ നിർമിക്കാൻ തോമസിന് സ്വന്തമായ നിർമാണ യൂണിറ്റുമുണ്ട്.

നെല്ല് പുഴുങ്ങി, ഉണക്കി, പൊടിച്ച് അരിയും പൊടിയരിയും വേർതിരിക്കുന്ന യന്ത്രം

നിർമാണം: ശ്രീജേഷ്, ചെർപ്പുളശേരി

അരി മില്ലുകളെല്ലാം പൂട്ടിക്കൊണ്ടിരുന്ന കാലത്ത് അതു ലാഭത്തിലാക്കാൻ വഴിതെളിച്ച് പാലക്കാട് ചെർപ്പുളശേരി ചേറമ്പറ്റക്കാവിലെ ശ്രീജേഷ് നടത്തിയ കണ്ടുപിടിത്തം ശ്രദ്ധ നേടുന്നു. നെല്ലു പുഴുങ്ങി ഉണക്കിപ്പൊടിച്ച് ചെറിയ അരിയും പൊടിയരിയും വേർതിരിക്കുന്ന ജോലികൾ വരെ ഈ ഒറ്റ യന്ത്രത്തിൽ സാധ്യമാകും. ഇരുമ്പുകമ്പികൾ, കേടായ സ്റ്റൗ, ഫർണസ് തുടങ്ങി നാട്ടിൽ തന്നെ കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് യന്ത്രത്തിന്റെ നിർമാണം. ചുരുങ്ങിയ ചെലവിൽ അരി പൊടിച്ചെടുക്കാമെന്നതും പ്രത്യേകതയാണ്.

ശ്രീജേഷ്

പിതാവ് പങ്കജാക്ഷനാണ് 35 വർഷം മുൻപ് പങ്കജ് റൈസ് മി‍ൽ ആരംഭിക്കുന്നത്. രണ്ടുവർഷം മുൻപു മില്ല് ശ്രീജേഷ് ഏറ്റെടുത്തു. അരി പൊടിക്കാനുള്ള മില്ലുകളിലെ വൻ ചെലവിനെക്കുറിച്ച് ഓർത്ത് പലരും മില്ലുകൾ ഉപേക്ഷിച്ചു തുടങ്ങിയപ്പോൾ ചുരുങ്ങിയ ചെലവിൽ പൊടിക്കാനുള്ള സംവിധാനത്തെക്കുറിച്ചായി ശ്രീജേഷിന്റെ ചിന്ത. സാങ്കേതിക വിദ്യാഭ്യാസമോ മുൻ പരിചയമോ ഇല്ലെങ്കിലും ഈ യുവാവിന്റെ ഭാവനയിൽ ആ യന്ത്രം യാഥാർഥ്യമായി.

ആദ്യം നെല്ല് പുഴുങ്ങാനുള്ള ഫർണസ് ഘടിപ്പിച്ചു. നെല്ലു പുഴുങ്ങാൻ ഉമി ഉപയോഗിക്കുന്ന രീതി ഏർപ്പെടുത്തി. തീ കത്തിപ്പിടിക്കാൻവേണ്ടി മാത്രം കുറച്ചു ചികിരിയും വിറകും മതി. കയർ ഉപയോഗിച്ചാണ് എലിവേറ്റർ നിയന്ത്രിക്കുന്നത്. ഒറ്റപ്പുഴുക്കലും രണ്ടു പുഴുക്കലും യന്ത്രത്തിൽ ചെയ്യാനാകും. അരിയിൽനിന്നു കല്ലു നീക്കം ചെയ്യാനുള്ള ഡീ സ്റ്റോൺ സംവിധാനവും യന്ത്രത്തിലുണ്ട്. സംഗതി വൻ വിജയമായതേ‍ാടെ പായ്ക്കറ്റുകളിലാക്കി അരി വിൽപനയും ശ്രീജേഷ് തുടങ്ങി. വരരുചി എന്ന പേരിലുള്ള ആപ്ലിക്കേഷനിൽ ബുക്ക് ചെയ്താൽ പൊടിയരി പാഴ്സലായി വീട്ടിലെത്തും. ഒറ്റ സമയത്ത് 200 കിലോ വരെ പുഴുങ്ങി കിട്ടും.

മോഷ്ടാക്കളെ തുരത്താനുള്ള യന്ത്രം

നിർമാണം: വിജയൻ പിള്ള, കൊല്ലം അമ്പലംകുന്നിൽ

കൊല്ലം ജില്ലയിലെ അമ്പലംകുന്നിൽ മോഷണം കുറഞ്ഞതിന് വിജയൻപിള്ള എന്ന കർഷകനോട് ഈ നാടു കടപ്പെട്ടിരിക്കുന്നു. മോഷ്ടാക്കൾ കതകുപൊളിക്കാനോ കത്തിക്കാനോ ശ്രമിച്ചാലുടൻ അലാം കേൾക്കുന്ന ഉപകരണമാണ് അമ്പലംകുന്ന് പുത്തൻവിളയിൽ വിജയൻപിള്ള (47) കണ്ടുപിടിച്ചത്. സൈറണും ചെറിയൊരു ഇലക്ട്രോണിക് സിസ്റ്റവും അടങ്ങുന്ന മൂന്നു വോൾട് ക്ലോക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന് തുച്ഛമായ വിലയേ വരൂ. ജില്ലയിൽ അഞ്ഞൂറിലേറെ വീടുകളിൽ ഉപകരണം സ്ഥാപിച്ചു. കൂടുതലും അമ്പലംകുന്ന് മേഖലയിൽ. കതകുകൾക്കു പ്രത്യേകമായോ വീടിന് ഒറ്റ യൂണിറ്റ് ആയോ ഉപകരണം സ്ഥാപിക്കാം.

വിജയൻപിള്ള

കാർഷിക കോളജുകളിലെ കണ്ടുപിടിത്തം പോലെ അത്യുൽപാദന ശേഷിയുള്ള മരച്ചീനി (കപ്പ) ഉൽപാദിപ്പിച്ച് വിജയൻപിള്ള നേരത്തെ ശ്രദ്ധേയനായിട്ടുണ്ട്. ഒരു ചുവട്ടിൽനിന്ന് 40 കിലോ മരച്ചീനി കിട്ടുന്ന ഇനമാണ് വിജയൻ പിള്ള വികസിപ്പിച്ചെടുത്തത്. കൃഷി ശാസ്ത്രത്തിൽ കെജിടിഇ ഹയർ വിജയിച്ച വിജയൻപിള്ള ചില ഇലക്ട്രോണിക് സംവിധാനങ്ങളെ നിരീക്ഷിച്ചാണ് മോഷ്ടാവിനെ പിടികൂടാനുള്ള അലാം വികസിപ്പിച്ചത്.

മരത്തിൽ സ്വയം കയറി അടയ്ക്ക പറിക്കുന്ന യന്ത്രം

നിർമാണം: ബിനു, പുഞ്ചവയൽ

പുഞ്ചവയൽ അഞ്ഞൂറ്റിനാലു കോളനിയിൽ മരപ്പണിക്കാരനായ മൂന്നോലി പി.ബി. ബിനു മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കണ്ടെത്തിയത് അടയ്ക്കാ പറിക്കുന്ന യന്ത്രം. അടയ്ക്കാ പറിക്കാൻ ആളെ കിട്ടാതായപ്പോൾ മനുഷ്യനെപ്പോലെ മരംകയറുന്ന യന്ത്രം എങ്ങനെ കണ്ടെത്തുമെന്നായി ബിനുവിന്റെ ചിന്ത. ഈ ചിന്ത വികസിപ്പിച്ചാണ് കപ്പികളും ഇരുമ്പുകമ്പികളും നീളമുള്ള കയറും ചേർത്ത് ബിനു ‘യന്ത്ര’ത്തിനു രൂപം നൽകിയത്. നീളമുള്ള ഇരുമ്പുകമ്പിയുടെ മുകളിലും താഴെയും മനുഷ്യന്റെ കൈകാലുകൾ പോലെ പ്രവർത്തിപ്പിക്കാവുന്ന തരത്തിൽ റബർ ബുഷ് ഘടിപ്പിച്ചു.

ബിനു

മുകളിലും താഴെയുമായി രണ്ട് കപ്പികളും ഘടിപ്പിച്ചു. യന്ത്രം കമ്പികൾ ഉപയോഗിച്ചു കമുകിൽ ചേർത്തു കോർത്തു നിർത്തും. പിന്നീടു കപ്പികൾ വഴി എത്തുന്ന ഇരു കയറുകളും പ്രത്യേക രീതിയിൽ വലിക്കുമ്പോൾ യന്ത്രം മുകളിലേയ്ക്കു കയറും. മനുഷ്യരുടെ കൈകളും കാലുകളും പ്രവർത്തിക്കുന്ന രീതിയിൽ തന്നെ യന്ത്രം കയറി മുകളിൽ എത്തും. അടയ്ക്കാ അരിഞ്ഞിടുവാൻ കത്തിയും യന്ത്രത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുണ്ട് മുകളിൽ യന്ത്രം എത്തിയാൽ ശക്തിയായി കയറിൽ വലിച്ചാൽ അടയ്ക്കാ കുലയോടെ അടർന്നു പ്രത്യേകമായി തയാറാക്കിയ കമ്പികളിൽ തങ്ങിനിൽക്കും. വീണ്ടും കയറുകൾ വിപരീതദിശയിൽ വലിക്കുമ്പോൾ യന്ത്രം സുരക്ഷിതമായി താഴെയെത്തും.

പച്ചക്കറിത്തൈ നടാനുള്ള ഉപകരണം

നിർമാണം: ബെന്നി ജോൺ, പാടിച്ചിറ, വയനാ‍ട്

വീട്ടുമുറ്റത്ത് പച്ചക്കറി വിപ്ലവം നടത്താൻ മോഹമുണ്ടെങ്കിലും ‘നട്ടെല്ലുവളയ്ക്കാൻ’ കഴിയാത്തവർക്ക് ഒരു പൈപ്പ് സൂത്രം. പിവിസി പൈപ്പോ ഇരുമ്പു പൈപ്പോ ഉപയോഗിച്ച് പച്ചക്കറി തൈ നടാനുള്ള ഉപകരണം വികസിപ്പിക്കുന്നതു വയനാട് പാടിച്ചിറ സ്വദേശി മുട്ടത്തുപറമ്പിൽ ബെന്നി ജോണാണ്. പൈപ്പിന്റെ അറ്റത്ത് ഒരു പിടിയും അത് ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന കൂർത്ത ഭാഗവുമാണ് പ്രധാന ഭാഗങ്ങൾ. ഉപകരണം മണ്ണിനോടു ചേർത്ത് മുകളിലെ പിടി അകത്തുമ്പോൾ മണ്ണിനോടു ചേർന്ന കൂർത്ത ഭാഗവും അകലും. പൈപ്പിനുള്ളിലേക്കു തൈ നിക്ഷേപിച്ചാൽ അതു നേരെ കുഴിയിൽ വന്നു വീഴും.

ഉപകരണം എടുക്കുന്നതോടെ കുഴി മൂടുകയും ചെയ്യും. രണ്ടായിരം രൂപ കൊണ്ടു നിർമിക്കാവുന്നതാണ് ഈ ഉപകരണം. ഇതു മാത്രമല്ല കാടുവെട്ട് മെഷീനിലെ മോട്ടോർ ഉപയോഗിച്ച് കൃഷിയിടങ്ങൾ നനയ്ക്കാവുന്ന ഉപകരണവും കുരുമുളകിനു താങ്ങുകാലു നടാനായി വേണ്ട കുഴിയെടുക്കാനുള്ള ഉപകരണവും ബെന്നി നിർമിച്ചിട്ടുണ്ട്.